head2
head1
head 3

ഇന്ത്യയുടെ ‘ഡിസ്‌കോ കിങ്’ ബപ്പി ലഹിരിയ്ക്ക് അശ്രുപൂജയൊരുക്കി ആരാധകര്‍

ഇന്ത്യന്‍ സംഗീത പ്രേമികളെ തന്റെ ഡിസ്‌കോ ബീറ്റുകളാല്‍ ഇളക്കിമറിച്ച ബപ്പി ലഹിരി (69) ഇനി ഓര്‍മ്മ. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ ബപ്പിയുടെ അന്ത്യം. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന്റെ വേദന തീരും മുന്‍പേയാണ് മറ്റൊരു പ്രതിഭയെ കൂടി ഇന്ത്യന്‍ സംഗീത ലോകത്തിന് നഷ്ടമായിരിക്കുന്നത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ) മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) മുംബൈയിലെ വിലെ പാര്‍ലെയില്‍ നടക്കും. ഭാര്യ: ചിത്രാണി. മക്കള്‍: ബപ്പാ ലഹിരി, റീമ ലഹിരി.

1970-80 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ സംഗീതത്തില്‍ ഡിസ്‌കോയുടെ സാധ്യതകള്‍ കൊണ്ട് വന്ന് പ്രേക്ഷക മനസിലേക്ക് ഇടം നേടിയ ബപ്പി ‘ദി ഇന്ത്യന്‍ ഡിസ്‌കോ കിങ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2020-ല്‍ പുറത്തിറങ്ങിയ ‘ബാഗി 3’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ അവസാന ബോളിവുഡ് ഗാനം. ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ ലഭിച്ചു.

സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, ചിരഞ്ജീവി, വിദ്യാ ബാലന്‍, ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ബാപ്പി ലഹിരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍, 1952 നവംബര്‍ 27നാണ് ബപ്പി ലഹിരി എന്ന് ആരാധകര്‍ വിളിക്കുന്ന അലോകേഷ് ലഹിരിയുടെ ജനനം. പ്രശസ്ത ബംഗാളി ഗായകരായ അപരേഷ് ലഹിരിയുടെയും ബന്‍സുരി ലഹിരിയുടെയും ഏക മകനാണ് ബപ്പി. മൂന്നാം വയസ്സില്‍ തബല വായിച്ച് ഒരു പ്രൊഫഷണലായി മാറിയിരുന്നു അദ്ദേഹം. ബപ്പിയുടെ ഭാര്യ ചിത്രാണി ഗായകരുടെ കുടുംബത്തില്‍ നിന്നാണ്. മകള്‍ രമയും മികച്ച ഗായികയാണ്.

കൂടുതലും ഫാസ്റ്റ് നമ്പറുകളാണ് ബപ്പി സംഗീതലോകത്തിനു സമ്മാനിച്ചത്. ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഒറ്റ ഗാനം മതി ബപ്പിക്ക് സംഗീത പ്രേമികളുടെ മനസ്സില്‍ എന്നും ജീവിക്കാന്‍. 1972ല്‍ പുറത്തിറങ്ങിയ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലാണ് അദ്ദേഹത്തിന് സംഗീത ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 1973ല്‍ ‘നന്‍ഹ ശിക്കാരി’ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. ‘ചല്‍ത്തേ ചല്‍ത്തേ’, ‘സുരക്ഷ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അത്രെയേറെ ജനപ്രിയമായിരുന്നു.

1985ലെ ഫിലിം ഫെയറില്‍ ‘ശരാബി’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായാകാന്‍ ,ഡെര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ‘ഉ ലാ ലാ’ എന്ന ഗാനം 2012 ല്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 63-ാമത് ഫിലിംഫെയര്‍ അവാര്‍ഡുകളില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.