head2
head 3
head1

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കേരളത്തിനായി ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍മാരായ പെരേര ഡയസ്, ആല്‍വാരോ വാസ്‌കസ് എന്നിവര്‍ ഗോളുകള്‍ നേടി. മലയാളി താരം മുഹമ്മദ് ഇര്‍ഷാദിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍. വിയത്തോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കുയരാന്‍ ബ്ലാസ്റ്റേഴ്‌സിനായി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 62ാം മിനിറ്റിലായിരുന്നു പെരേര ഡയസിലൂടെ കേരളം അക്കൌണ്ട് തുറന്നത്. ഹര്‍മന്‍ ജോത് ഖബ്ര തലകൊണ്ട് മറിച്ചു നല്‍കിയ പന്ത് ഒരു പോയിന്റ് ബ്ലാങ്ക് ഹെഡ്ഡറിലൂടെ പെരേര ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് മത്സരത്തിന്റെ 70ാം മിനിറ്റില്‍ രണ്ടാം യെല്ലോ കാര്‍ഡ് കണ്ട യുവതാരം ആയുഷ് അധികാരി മത്സരത്തില്‍ നിന്നും പുറത്തു പോയതോടെ കേരളം പ്രതിരോധത്തിലായി.

പത്തു താരങ്ങളുമായി മത്സരം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് 82ാം മിനിറ്റിലായിരുന്നു ആല്‍വാരോ വാസ്‌കസിലൂടെ രണ്ടാം ഗോള്‍ നേടിയത്. ഹാള്‍ഫ് വേ ലൈനിനപ്പുറത്തു നിന്നും തൊടുത്ത ഷോട്ട് ഗോല്‍കീപ്പറെ മറികടന്ന് ഗോളായി മാറുകയായിരുന്നു. ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളാണ് വാസ്‌കസ് നേടിയത്.

ടീമംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതുമൂലുണ്ടായ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചു വരവാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെ പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടീമിന് നിലവില്‍ പന്ത്രണ്ട് കളികളില്‍ നിന്നായി 23 പോയിന്റുകളാണ് ഉള്ളത്. ഇതുവരെ ആറ് മത്സരങ്ങളില്‍ വിജയിക്കുകയും, അഞ്ച് മത്സരങ്ങളില്‍ സമനില വഴങ്ങുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഫെബ്രുവരി 10 ന് ജംഷധ്പൂരിനെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Comments are closed.