head1
head 3
head2

ഉക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു; ഇന്ത്യക്കാര്‍ ഖാര്‍കീവ് വിടണമെന്ന് എംബസി, മോദി പുടിനുമായി ഇന്ന് രാത്രി സംസാരിക്കും

ഉക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചത്. വിനീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണു ചന്ദന്‍. ഇസ്‌കിമിക്ക് സ്ട്രോക്കാണ് ആണ് മരണകാരണം എന്നാണ് വിവരം.

അതേസമയം, ഇന്ത്യക്കാര്‍ അടിയന്തരമായി ഖാര്‍കീവ് വിടണമെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. ഉക്രെയ്ന്‍ സമയം വൈകിട്ട് ആറുമണിക്കു മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിര്‍ദേശം. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ ഷെല്ലാക്രമണം രൂക്ഷമാണ്. ഇവിടെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ജ്ഞാനഗൗഡര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്.

പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ കിട്ടാത്ത വിദ്യാര്‍ത്ഥികളോട് നടന്ന് പോകാനാണ് ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നുണ്ടെങ്കിലും ഖാര്‍കീവ്, സുമി നഗരങ്ങളില്‍ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടിങ്ങികിടക്കുകയാണ്. ഇവരില്‍ പലര്‍ക്കും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ബങ്കറുകളില്‍ കഴിയുന്ന പലര്‍ക്കും ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കുന്നു. നാട്ടിലുള്ള ഇവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഇന്ന് രാത്രി സംസാരിക്കും. വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണില്‍ സംസാരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച. അതിനിടെ, ഉക്രെയ്നില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ നേരത്തേ പറഞ്ഞിരുന്നു. മാനുഷിക പരിഗണന നല്‍കുമെന്നും ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യന്‍ സ്ഥാനപതി പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കീവിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായും അടച്ചു. ഇനി മുതല്‍ ലിവീവിലായിരിക്കും എംബസി പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഇന്ത്യക്കാര്‍ക്കു പുറമേ പാക്കിസ്ഥാന്‍, തുര്‍ക്കി രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഉക്രെയ്‌നില്‍നിന്നു രക്ഷപ്പെടാന്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. ആക്രമണങ്ങളില്‍നിന്നു രക്ഷനേടാന്‍ ഇന്ത്യന്‍ പതാക വാഹനങ്ങളിലും മറ്റും ഉപയോഗിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ പതാക കയ്യിലുണ്ടായിരുന്നതിനാല്‍ വഴിയില്‍ ആക്രമണങ്ങളൊന്നും നേരിട്ടില്ലെന്നും യാത്രാ തടസ്സങ്ങള്‍ മറികടക്കാന്‍ സാധിച്ചെന്നും റുമാനിയിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.