head 3
head1
head2

ഇന്ത്യന്‍ ടീം ഡബ്ലിനിലെത്തി, അയര്‍ലണ്ടുമായുള്ള ടി20 ഐ പരമ്പര ഞായറാഴ്ച മുതല്‍

ഡബ്ലിന്‍ : അയര്‍ലണ്ടുമായുള്ള ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഡബ്ലിനിലെത്തി. ഇന്ത്യന്‍ സംഘം ഡബ്ലിനില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ദിനേഷ് കാര്‍ത്തിക് ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദീപക് ഹൂഡ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ദിനേഷ് കാര്‍ത്തിക് പോസ്റ്റു ചെയ്തത്.

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ടി20 ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ആദ്യമായി ഇന്ത്യയെ നയിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ മല്‍സരത്തിന്. ശ്രദ്ധേയമായ ഐപിഎല്‍ 2022 കാമ്പെയ്നോടെ പാണ്ഡ്യയും കാര്‍ത്തിക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടിയിരുന്നു.

ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കി ടി20ഐ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട അതേ ടീമിനെയാണ് അയര്‍ലണ്ട് പര്യടനത്തിന് ബി സി സി ഐ നിയോഗിച്ചിട്ടുള്ളത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ച മലയാളി താരം സഞ്ജു സാംസണിനെയും ഐപിഎല്ലില്‍ തിളങ്ങി നിന്ന രാഹുല്‍ ത്രിപാഠിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (C), ഭുവനേശ്വര്‍ കുമാര്‍ (VC), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (WK), യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റു കൂടിയുള്‍പ്പെട്ട ടൈറ്റ് ഷെഡ്യൂളാണ് ഇന്ത്യന്‍ ടീമിനുള്ളത്. അതിനാല്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട് പര്യടനത്തിന് രണ്ട് പ്രത്യേക ടീമുകളെയാണ് ബി സി സി ഐ നിയോഗിച്ചത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മറ്റ് സീനിയര്‍ താരങ്ങളും നിലവില്‍ ലെസ്റ്ററിലാണ്. ഇവര്‍ പുനക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ്. ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെയാണ് മല്‍സരം.

Comments are closed.