head1
head 3
head2

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 44 റണ്‍സ് ജയം; പരമ്പര സ്വന്തം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 44 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 238 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടു വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 83 ബോള്‍ നേരിട്ട സൂര്യ 5 ഫോറിന്റെ അകമ്പടിയില്‍ 64 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍സകലെ റണ്ണൗട്ടായി. രോഹിത് ശര്‍മയാണ് (5), റിഷഭ് പന്ത് (18) വിരാട് കോഹ്ലി (18) എന്നിവര്‍ നിരാശപ്പെടുത്തി.

പതിവിന് വിപരീതമായി ഫിനിഷിങ് റോളില്‍ നിന്ന് മാറി ഓപ്പണറായിട്ടാണ് പന്ത് ഇറങ്ങിയത്. വിന്‍ഡീസിനായി ഓഡിയന്‍ സ്മിത്ത്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെമര്‍ റോച്ച്, അക്കെയ്ല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലെന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

44 റണ്‍സ് നേടിയ ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അകീല്‍ ഹൊസെയ്ന്‍ 34 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. ശര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ്വന്ദ്ര ചഹല്‍, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫെബ്രുവരി 11 -നാണ് മൂന്നാം ഏകദിനം.

Comments are closed.