head 3
head1
head2

അയര്‍ലണ്ടിനെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഡബ്ലിന്‍: മാലഹൈഡ് സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകരുടെ ആര്‍പ്പുവിളികളുടെ ആവേശത്തില്‍ അയര്‍ലണ്ടിനെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം .

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ത്ഥന കേട്ട ദൈവങ്ങള്‍ മഴയെ മാറ്റിവിട്ടു വെയിലയച്ചതോടെ ഇരുപത് മിനുട്ടോളം വൈകി മത്സരത്തിന് തുടക്കമായി.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് നേടിയത്. ടോപ് ഓഡറിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായെങ്കിലും ഹാരി ടെക്ടറുടെ (64*) വെടിക്കെട്ട് ബാറ്റിങ് അയര്‍ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചതും. നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണിയെ (0) ആദ്യ ഓവറില്‍ത്തന്നെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മനോഹരമായ ഇന്‍സ്വിങ്ങറിലായിരുന്നു ഭുവിയുടെ നേട്ടം. രണ്ടാം ഓവര്‍ എറിയാനെത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യ പോള്‍ സ്റ്റിര്‍ ലിങ്ങിനെ (4) പുറത്താക്കി. അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സ് നേടിയ താരം കൂടുതല്‍ അപകടകാരിയാവുന്നതിന് മുമ്പ് മടക്കാന്‍ ഹര്‍ദിക്കിനായി.

ഗാരത് ഡിലാനിയെ (8) ആവേഷ് ഖാനും പുറത്താക്കി. ചെറിയ സ്‌കോറിനുള്ളില്‍ ആതിഥേയര്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും ഹാരി ടെക്‌റിന്റെ വെടിക്കെട്ട് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പിച്ചിലെ അനുഭസമ്പത്ത് മുതലാക്കി ടെക്ടര്‍ ബാറ്റുവീശിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറി. 33 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ ടെക്ടര്‍ 64* റണ്‍സാണ് നേടിയത്. ലോര്‍ക്കന്‍ ടര്‍ക്കര്‍ 18 റണ്‍സെടുത്തപ്പോള്‍ ജോര്‍ജ് ഡോക്‌റെല്‍ 4 റണ്‍സെടുത്ത് പുറത്താവാതെ നിന്നു

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ആവേഷ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റത്തില്‍ തിളങ്ങാനായില്ല. ഒരോവറില്‍ 14 റണ്‍സാണ് താരം വഴങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആതിഥേയരെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴ ഭീഷണി ഉള്ളതിനാലാണ് അദ്ദേഹം ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമില്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക് അരങ്ങേറ്റം കുറിച്ചു. 98ാം നമ്പര്‍ ജഴ്സിയിലാണ് അദ്ദേഹം എത്തുന്നത്

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ വെടിക്കെട്ട് തുടക്കം നല്‍കി. 11 പന്തില്‍ മൂന്ന് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് ഇഷാന്‍ നേടിയത്. നന്നായി കളിച്ച് മുന്നേറിയ ഇഷാനെ ക്രയ്ഗ് യങ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ യങ് ഗോള്‍ഡന്‍ ഡെക്കാക്കി മടക്കി. ഇന്ത്യയുടെ നില പരുങ്ങലിലെന്ന് തോന്നിക്കവെ ദീപക് ഹൂഡയും നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 12 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത ഹര്‍ദിക്കിനെ ജോഷ് ലിറ്റില്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ എട്ട് ഓവറില്‍ 94 എന്ന സ്‌കോറിലേക്കെത്തിയിരുന്നു.

ഓപ്പണര്‍ ദീപക് ഹൂഡ 29 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സുമായി പുറത്താവാതെ നിന്നു. ദിനേഷ് കാര്‍ത്തിക് നാല് പന്തില്‍ അഞ്ച് റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് രണ്ടും ജോഷ് ലിറ്റില്‍ 1 വിക്കറ്റും നേടി.

മഴയെത്തുടര്‍ന്ന് പിച്ച് മൂടിയിട്ടതിനാല്‍ അല്‍പ്പം താമസിച്ചാണ് ടോസിട്ടത്. സഞ്ജു സാംസണിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചില്ല. സഞ്ജു ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നെങ്കിലും അദ്ദേഹത്തെ തഴഞ്ഞ് ദീപക് ഹൂഡക്കാണ് മൂന്നാം നമ്പറില്‍ ഇന്ത്യ അവസരം നല്‍കിയത്. പ്ലേയിങ് 11 ഇന്ത്യ: ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക്. അയര്‍ലന്‍ഡ്-പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡി ബാല്‍ബിര്‍ണി, ഹാരത് ഡിലാനി, ഹാരി ടെക്ടര്‍, ലോര്‍ക്കാന്‍ ടര്‍ക്കര്‍, ജോര്‍ജ് ഡോക്റല്‍, മാര്‍ക്ക് അഡെയ് ര്‍, ആന്‍ഡി മാക്ബ്രിന്, ക്രയ്ഗ് യങ്, ജോഷ് ലിറ്റില്‍, കോണല്‍ ഓല്‍ഫെര്‍ട്ട്.

Comments are closed.