head2
head 3
head1

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; അവസരം ലഭിച്ചാല്‍ സഞ്ജുവിന് ഇന്ന് നിര്‍ണായകം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ആരംഭിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ കൊതുപ്പിച്ചു കടന്നുകളഞ്ഞ വിജയത്തിന് പകരം വീട്ടാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കു കീഴില്‍ ഇന്ത്യന്‍ യുവനിര ഇന്നിറങ്ങും. അയര്‍ലണ്ട് പര്യടനത്തില്‍ കളിച്ച ടീമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. മലയാളി തരാം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കുമോ എന്ന് ടോസ് വരെ കാത്തിരിക്കണം.

ഓയിന്‍ മോര്‍ഗന്‍ വിരമിച്ചതോടെ ജോസ് ബട്ലറിനു കീഴിലായിരിക്കും ഇംഗ്ലണ്ട് ഇന്നിറങ്ങുക. ഫുള്‍ടൈം ക്യാപ്റ്റന്‍ എന്ന നിലയില്‍ ബട്ലര്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന ആദ്യ മത്സരമാകും ഇന്നത്തേത്. വെറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തന്നെ തുടരുമെന്ന് ബട്ലര്‍ പറഞ്ഞു. ജേസണ്‍ റോയിയും ലിവിങ്സ്റ്റണും ഒക്കെ അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യക്കെതിരെ പാഡണിയുക.

കോവിഡിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തുകയാണ്. രോഹിത്തിന്റെ മടങ്ങിവരവോടെ ഋതുരാജ് ഗെയ്ക്വാദ് പുറത്തിരിക്കേണ്ടി വരും. ഇഷാന്‍ കിഷന്‍ ഓപ്പണിംഗ് റോളിലേക്ക് എത്തും. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കുമോ അതോ മിന്നും ഫോമിലുള്ള ദീപക് ഹൂഡ തന്നെ ഇറങ്ങുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹൂഡ രണ്ടും മൂന്നും ടി20 ടീമില്‍ ഉള്ളതിനാല്‍ സഞ്ജു ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ അത്ര ഫോമിലല്ല എങ്കിലും നാലാം നമ്പരില്‍ സൂര്യകുമാര്‍ യാദവായിരിക്കും എത്തുക. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ആറാം നമ്പറിലുമെത്തും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഡികെയായിരിക്കും. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹല്‍ എന്നിവരും ടീമിലുണ്ടാവും. ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരില്‍ ആരെ പരിഗണിക്കുമെന്നും കാത്തിരിക്കണം.

അതേസമയം, ആദ്യ മല്‌സരത്തില് വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ ചില യുവ താരങ്ങള്‍ രണ്ടും മൂന്നും മത്സരങ്ങളില്‍ ഉണ്ടാവില്ല. വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവര്‍ മടങ്ങിയെത്തുന്നതോടെ സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പുറത്തുപോകും. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ കളിച്ചവര്‍ക്ക് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ് ബി.സി.സി.ഐ.

ഒന്നാം ടി20യ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (WK), ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്നോ പട്ടേല്‍ , ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

രണ്ട്, മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക് (wk), ഋഷഭ് പന്ത് (wk), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാല്‍ അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ട് ടി20 ടീം: ജോസ് ബട്ട്ലര്‍, മൊയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കുറാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ക്രിസ് ജോര്‍ഡന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിന്‍സണ്‍, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി

Comments are closed.