head2
head 3
head1

ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ഓപ്പണറായി പൂജാര

ബര്‍മിംഗ്ഹാം: ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ശേഷിക്കുന്ന ടെസ്റ്റാണ് ഇരുവരും കളിക്കാനൊരുങ്ങുന്നത്. ആദ്യ നാല് മത്സരത്തില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. നേരത്തെ നായകനായി നിശ്ചയിച്ചിരുന്ന രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

വിരാട് കോഹ്ലിക്ക് കീഴില്‍ രണ്ട് മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നില്‍ ആണെങ്കിലും ഇംഗ്ലണ്ടില്‍ നിന്നും കനത്ത വെല്ലുവിളി ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ കോച്ച് ബ്രെന്‍ഡന്‍ മക്കല്ലത്തിന് കീഴില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് അപാര ഫോമിലാണിപ്പോള്‍. ന്യൂസിലന്റിനെതിരെ 3 ടെസ്റ്റുകളും അനായാസമായാണ് ഇംഗ്ലണ്ട് ജയിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റു ചെയ്യുന്ന ബെയര്‍‌സ്റ്റോ, മികച്ച ഫോമില്‍ നില്‍ക്കുന്ന മുന്‍ നായകന്‍ ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവര്‍ അടങ്ങുന്ന ബാറ്റിംഗ് നിരയും ആന്‍ഡേഴ്സണും ബ്രോഡും അടങ്ങുന്ന ബൌളിംഗ് നിരയും ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

മറുവശത്ത് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിതിനെയും കെ ല്‍ രാഹുലിനേയും നഷ്ടമായിരിക്കുകയാണ്. കൂടാതെ കോഹ്ലി, ചേതേശ്വര്‍ പൂജാര തുടങ്ങിയവര്‍ അത്ര മികച്ച ഫോമിലും അല്ല. രോഹിത് ഇല്ലാത്തതിനാല്‍ പൂജാരയാണ് ഗില്ലിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങുന്നത്. ഒന്നു ഡൗണായി ഹനുമ വിഹാരിയും. രോഹിതിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ ബുംറ നയിക്കുന്ന ബൗളിംഗ് നിര ആദ്യ ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഏഴു മത്സരങ്ങള്‍ കൂടി ശേഷിക്കെ മികച്ചൊരു വിജയം ഈ ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഫൈനലിലേക്ക് എത്താന്‍ കുറച്ചു കൂടി സഹായകമാകും.

ആന്‍ഡേഴ്‌സണ്‍ വന്നതൊഴിച്ചാല്‍ കിവീസിനെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാക്ക് ലീച്ചും മാത്യു പോട്‌സുമാണ് സ്പിന്നര്‍മാര്‍. കോവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് പകരം സാം ബില്ലിംഗ്‌സാണ് വിക്കറ്റ് കാക്കുന്നത്.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍ : ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്‍ : സാക്ക് ക്രോളി, അലെക്‌സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Comments are closed.