head 3
head1
head2

ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; പരമ്പര സമനിലയില്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ദിവസം ബാക്കി നില്‍ക്കെ അതിഥേയര്‍ മറികടന്നു. ജൊഹന്നാസ്ബര്‍ഗിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിലായി. 11ന് കേപ് ടൗണിലാണ് ഫൈനല്‍.

അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ ഡീല്‍ എല്‍ഗറിന്റെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. എല്‍ഗര്‍ 188 ബോളില്‍ 96* റണ്‍സുമായി പുറത്താകാതെ നിന്നു. ടെംബ ബാവുമ 23* റണ്‍സുമായി നായകന് പിന്തുണ നല്‍കി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും (38 പന്തില്‍ 31) ചേര്‍ന്ന് നല്‍കിയത്. 92 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ദസ്സനും മികച്ചു നിന്നു. പീറ്റേഴ്സണ്‍ 28 റണ്‍സും നേടി പുറത്തായി. ഇന്ത്യയ്ക്കായി ഷമി, താക്കൂര്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിഗ്സില്‍ നായകന്‍ രാഹുലിന്റെയും അശ്വിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 202 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പീറ്റേഴ്സണും (62) ബാവുമയും (51) ശക്തമായി പോരാടി അതിഥേയര്‍ക്ക് 229 റണ്‍സ് നേടിക്കൊടുത്തു. ഇന്ത്യക്കു വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ ഏഴു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 266 റണ്‍സിന് പുറത്തായതോടെ 240 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് അനായാസമായിരുന്നു.

ജൊഹന്നാസ്ബര്‍ഗില്‍ ഇതിന് മുമ്പ് ഇവിടെ അഞ്ച് മത്സരമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മത്സരവും ഇന്ത്യ ജയിച്ചു. മൂന്ന് മത്സരം സമനിലയായി. 2006ല്‍ 123 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതാണ് ഇന്ത്യയുടെ വലിയ ജയം. 2018ല്‍ 63 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.

Comments are closed.