head1
head2
head 3

ഹരിത പങ്കാളിത്തം : ഇന്ത്യയും ഡെന്‍മാര്‍ക്കും കൈ കോര്‍ക്കുന്നു

കോപ്പന്‍ഹേഗന്‍: ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ബന്ധത്തിന് പുതിയ ഉണര്‍വ് നല്‍കിക്കൊണ്ട് ഹൈഡ്രജന്‍ അടക്കമുള്ള ഹരിത ഇന്ധനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത എസ് ആന്‍ഡ് ടി കമ്മിറ്റി യോഗത്തില്‍ ധാരണയായി. ഹരിത ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇന്ത്യയുടേയും ഡെന്മാര്‍ക്കിന്റെയും ശാസ്ത്ര സാങ്കേതിക രംഗത്തെ ഭാവിയും വെര്‍ച്വല്‍ യോഗത്തില്‍ സംയുക്ത സമിതി ചര്‍ച്ച ചെയ്തു.

കാലാവസ്ഥയും ഹരിത പരിവര്‍ത്തനവും, ഊര്‍ജം, ജലം, മാലിന്യം, ഭക്ഷണം തുടങ്ങിയ സാങ്കേതിക വികസനത്തിലും നവീകരണത്തിലും ഉഭയകക്ഷി സഹകരണം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഹരിത പങ്കാളിത്ത പ്രവര്‍ത്തന പദ്ധതി 2020 -2025 ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ഹരിത ഹൈഡ്രജന്‍ അടക്കമുള്ള ഹരിത ഇന്ധനങ്ങളുടെ പങ്കാളിത്ത വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നോ നാലോ വെബിനാറുകള്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

ഊര്‍ജം, ജലം, സൈബര്‍ ഭൗതിക സംവിധാനങ്ങള്‍, ജൈവവിഭവങ്ങള്‍ എന്നിവയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജെക്ടുകളെയും സംയുക്ത സമിതി അവലോകനം ചെയ്തു .

ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡി എസ് ടി) ഇന്റര്‍നാഷണല്‍ അഡ്വൈസറും തലവനുമായ എസ് കെ വര്‍ഷിണി, ഡെന്മാര്‍ക്ക് ഉന്നതവിദ്യാഭ്യാസ- ശാസ്ത്ര ഏജന്‍സിയുടെ ഡയറക്ടര്‍ ഡോ. സ്‌റ്റൈന്‍ ജോര്‍ഗെന്‍സെന്‍ എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു .

ഹരിത പങ്കാളിത്തത്തെക്കുറിച്ച്

70 വര്‍ഷങ്ങള്‍ക്ക് മുന്‍പേ നയതന്ത്ര ബന്ധവും 400 വര്‍ഷങ്ങള്‍ക്ക് മുന്‍പേ വ്യാപാരബന്ധവും സ്ഥാപിച്ച ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന, പരസ്പര താപര്യങ്ങളിലും മൂല്യങ്ങളുടെ പങ്കുവെക്കലിലും അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ കര്‍മ്മ പദ്ധതിയാണ് ഹരിത പങ്കാളിത്തം. സംയുക്ത കമ്മീഷന്റെയും അതിന്റെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ഇന്ത്യ -ഡെന്മാര്‍ക്ക് പങ്കാളിത്തത്തവും സഹകരണവും ഉള്‍ക്കൊള്ളുന്നതാണ് ഇത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പാരീസ് ഉടമ്പടി പ്രകാരമുള്ള ആഗോള കാലാവസ്ഥാ പ്രതിസന്ധി മറികടക്കുന്നതിനും ഉള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ ഫലമാണ് ഈ സംയുക്ത പ്രവര്‍ത്തന പദ്ധതി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.