head1
head 3
head2

1000-ാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം; പരമ്പരയില്‍ 1-0ന്റെ ലീഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. പുതിയ നായകന്‍ രോഹിത് ശര്‍മയുടെ കീഴില്‍ 1000ാം ഏകദിന മത്സരത്തിനറങ്ങിയ ഇന്ത്യ, മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. വിന്‍ഡീസ് മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം 28 ഓവറില്‍ അനായാസം ഇന്ത്യ മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ദ്ധ സെഞ്ച്വറി (57 റണ്‍സ്) നേടിയ ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ടോപ് സ്‌കോറര്‍. 79ന് ഏഴെന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീനെ, വാലറ്റത്തെ കൂട്ടുപിടിച്ച് ഹോള്‍ഡറാണ് വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ഫാബിയെന്‍ അലെന്‍ 43 ബോളില്‍ 29 റണ്‍സെടുത്ത് ഹോള്‍ഡറിന് കൂട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 79 റണ്‍സ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ നാലു വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 1 ബോള്‍ നേരിട്ട രോഹിത് 10 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയില്‍ 60 റണ്‍സെടുത്തു. അരങ്ങേറ്റ കളിക്കാരന്‍ ദീപക് ഹൂഡ 26* റണ്‍സുമായും സൂര്യകുമാര്‍ യാദവ് 34* റണ്‍സെടുത്തും പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (8), ഇഷാന്‍ കിഷന്‍ (28), റിഷഭ് പന്ത് (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും അകീല്‍ ഹൊസെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ ബോളര്‍മാരില്‍ വേഗത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയവരില്‍ അഞ്ചാം സ്ഥാനത്തെത്തിയ യുസ്വേന്ദ്ര ചാഹലാണ് കളിയിലെ താരം.

Comments are closed.