head2
head 3
head1

അണ്ടര്‍-19 ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; 154 റണ്‍സിന് യുഎഇയെ തകര്‍ത്തു

ദുബായ്: അണ്ടര്‍-19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇയിക്കെതിരെ 154 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 282 റണ്‍സ് അടിച്ചെടുത്തപ്പോള്‍ യുഎഇ 34.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി.

ഓപ്പണര്‍ ഹര്‍നൂര്‍ സിംഗിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ യാഷ് ധുള്ളിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചത്. 130 ബോളില്‍ 11 ബൗണ്ടറികളുടെ അകമ്പടിയില്‍ ഹര്‍നൂര്‍ 120 റണ്‍സെടുത്തു. യഷ് ദുള്‍ 63 റണ്‍സെടുത്തു. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (48*), ഷെയ്ഖ് റഷീദ് (35) എന്നിവരും ബാറ്റിംഗില്‍ മികച്ച സംഭാവന നല്‍കി.

മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കുവാന്‍ യഎഇക്ക് സാധിച്ചില്ല. യുഎഇക്കായി ഓപ്പണര്‍ കെയ് സ്മിത്ത് 45 റണ്‍സെടുത്തു. അതേസമയം, ഇന്ത്യക്കു വേണ്ടി രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഗര്‍വ് സാങ്വാന്‍, വിക്കി ഒസ്ത്വാല്‍, കൗശല്‍ താംബെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി.

ഇന്ത്യയുടെ അടുത്ത മല്‍സരം ചിരവൈരികളായ പാകിസ്ഥാനെതിരേയാണ്. ശനിയാഴ്ചയാണ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മല്‍സരം ആരംഭിക്കുക.

Comments are closed.