head 3
head1
head2

അണ്ടര്‍-19 ലോകകപ്പ് : ലോക ചാമ്പ്യന്‍മാരായി ഇന്ത്യ; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

നോര്‍ത്ത് സൗണ്ട് : അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട ലോക കിരീടം സ്വന്തമാക്കിയത്.

ഫൈനലില്‍ രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000-ാമത്തെ മത്സരം കളിക്കുന്ന ദിവസം തന്നെയാണ് യുവ ഇന്ത്യയുടെ കിരീടധാരണമെന്നത് ഇരട്ടിമധുരമായി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്റെയും ബൗളിംഗ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ, ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

സ്‌കോര്‍ ഇംഗ്ലണ്ട്-44.5 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ47.4 ഓവറില്‍ 195-6. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക സമയത്ത് 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എ ബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്റിലെ താരം.

Comments are closed.