head1
head 3
head2

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് പോരാട്ടം 148 റണ്‍സില്‍ അവസാനിച്ചു. അന്താരാഷ്ട്ര ടി-20യിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയും നാലു വിക്കറ്റും സ്വന്തമാക്കി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഹീറോയായി മാറി.

സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പാണ്ഡ്യ (33 പന്തുകളില്‍ 51 റണ്‍സ്), സൂര്യകുമാര്‍ യാദവ് (39), ദീപക് ഹൂഡ (33), രോഹിത് ശര്‍മ്മ (24), അക്സര്‍ പട്ടേല്‍ (17), ദിനേഷ് കാര്‍ത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198 എന്ന സ്‌കോറില്‍ എത്തിയത്.

ഭുവനേശ്വര്‍ കുമാറിന്റെയും അര്‍ഷദീപ് സിംഗിന്റെയും മികച്ച പ്രകടനത്തില്‍ തുടക്കത്തിലേ പകച്ച പോയ ഇംഗ്ലീഷ് നിരയെ അക്ഷരാര്‍ഥത്തില്‍ ടീം ഇന്ത്യ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ചഹാലും അര്‍ഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മുന്‍നിര ബാറ്റേഴ്സ് എല്ലാം പരാജയപ്പെട്ട മത്സരത്തില്‍ 36 റണ്‍സ് നേടിയ മൊയീന്‍ അലിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ക്രിസ് ജോര്‍ദാന്‍ 26ഉം ഡേവിഡ് മലന്‍ 21 റണ്‍സും നേടി. ജോര്‍ദനും അലിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ക്യാപ്റ്റനായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. ഐപിഎല്ലില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. തുടര്‍ച്ചയായി 13 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യത്തെ നായകന്‍ എന്ന റെക്കോര്‍ഡും രോഹിത് ഇന്നലെ സ്വന്തമാക്കി.

ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ മുതിര്‍ന്ന താരങ്ങളൊക്കെ മടങ്ങിയെത്തുന്നതോടെ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവര്‍ ടീമിനൊപ്പം ചേരും. ഫോമിലുള്ള ദീപക് ഹൂഡയെ മാറ്റാതെ ഇഷാന്‍ കിഷനെ മാറ്റി വിരാട് കോഹ്ലിയെ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യിക്കുമോ എന്ന് സംശയമുണ്ട്. അക്‌സര്‍ പട്ടേലിനു പകരം ജഡേജയും നാളത്തെ മത്സരത്തില്‍ ഇറങ്ങിയേക്കും.

രണ്ട്, മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക് (wk), ഋഷഭ് പന്ത് (wk), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാല്‍ അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ട് ടി20 ടീം: ജോസ് ബട്ട്‌ലര്‍, മൊയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കുറാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ക്രിസ് ജോര്‍ഡന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിന്‍സണ്‍, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി

Comments are closed.