head2
head 3
head1

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പു കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. എട്ട് വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ദില്ലിയിലും മുംബൈയടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിലും വില കുത്തനെ ഉയര്‍ന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന നിഗമനത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.

അതേസമയം കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാര്‍ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.

ചൈനയ്ക്കു തൊട്ടുപിന്നില്‍, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. യൂറോപ്പില്‍ ഏറ്റവും അധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന രാജ്യമായിരുന്നു യുദ്ധത്തിന് തൊട്ടുമുമ്പ് വരെ ഉക്രൈന്‍. യുദ്ധം മൂലം ഗോതമ്പിന്റെ രാജ്യാന്തര വിലയില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ പ്രാദേശിക തലത്തില്‍ ഗോതമ്പിന്റെയും മൈദയുടെയും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയുടെ നിലവിലെ തീരുമാനം അയല്‍രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകും. പതിവായി ഗോതമ്പ് നല്‍കുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചാല്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റി അയക്കാനാകില്ല. ഇത് ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായേക്കും.

Comments are closed.