head 3
head1
head2

ചരിത്രം തിരുത്തി ഇന്ത്യ; സെഞ്ചൂറിയനില്‍ വിജയക്കൊടി നാട്ടി കൊഹ്ലിപ്പട

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 113 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ തട്ടകമായ സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ 1-0ന് കൊഹ്ലിപ്പട മുന്നിലെത്തി.

നാലാം ദിനം 305 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് നേടി. എയിഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17), വാന്‍ ഡര്‍ ഡസന്‍ (11), കേശവ് മഹരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അഞ്ചാം ദിനം ആതിഥേയര്‍ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 56 പന്തില്‍ നിന്ന് 77 നേടി പൊരുതി കളിച്ച നായകനെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിന്റെ കുറ്റി മുഹമ്മദ് സിറാജ് പിഴുതു. പിന്നീട് ക്രീസിലെത്തിയ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ കാര്യമായൊന്നും ചെയ്യാനായില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, വൈസ് ക്യാപ്റ്റിന്‍ കെ.ല്‍.രാഹുലിന്റെ സെഞ്ച്വറി (123) മികവിലാണ് ആദ്യ ഇന്നിങ്‌സില്‍ 327 റണ്‍സെടുത്തത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളും (60) അജിങ്ക്യ രഹാനെയും (48) കാര്യമായ സംഭാവന ചെയ്തു. എന്നാല്‍ നായകന്‍ വിരാട് കോഹ്ലി നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സും മാത്രമാണ് താരത്തിന് നേടാനായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി വിരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പോലും പിറന്നിട്ടില്ല. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കായി ലുങ്കി എന്‍ഗിഡി ആറ് വിക്കറ്റും റബാഡ മൂന്ന് വിക്കറ്റും നേടി.

ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. ജനുവരി 3 -ന് ജോഹന്നാസ്ബര്‍ഗിലാണ് അടുത്ത മത്സരം.

Comments are closed.