head2
head1
head 3

തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി പന്തും ജഡേജയും; ഒന്നാം ദിനം ഇന്ത്യക്ക് മേല്‍കൈ

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ച് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. 98ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 222 റണ്‍സ് കൂട്ടുകെട്ടുമായി കൈപിടിച്ചുയര്‍ത്തിയത് ഋഷഭ് പന്ത്-രവീന്ദ്ര ജഡേജ സഖ്യമാണ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തു. 19 ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ജഡേജ 163 പന്തില്‍ 83 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റേഴ്സ് ഒക്കെ പതറിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 6ാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ പന്ത് ബാറ്റ് വീശിയപ്പോള്‍ അപ്പുറത്ത് ജഡേജ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നു.

ശുഭ്മന്‍ ഗില്‍ (24 പന്തില്‍ 17), ചേതേശ്വര്‍ പൂജാര (46 പന്തില്‍ 13), ഹനുമ വിഹാരി (53 പന്തില്‍ 20), വിരാട് കോഹ്ലി (19 ബോളില്‍ 11), ശ്രേയസ് അയ്യര്‍ (11 ബോളില്‍ 15), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴ മൂലം 73 ഓവറാണ് ഇന്നലെ കളിക്കാനായത്. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആന്‍ഡേഴ്സന്‍ 3 വിക്കറ്റും മാത്യു പോട്സ് 2 വിക്കറ്റും ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

19 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ഈ ഇന്നിംഗ്സില്‍ അന്താരാഷ്ട്ര കരിയറിലെ നൂറാമത്തെ സിക്‌സറും റിഷഭ് നേടി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടം പന്ത് സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോഡാണ് ഇവിടെ പഴങ്കഥയാക്കിയത്.

ടെസ്റ്റില്‍ 2000 റണ്‍സും പന്ത് ഈ ഇന്നിംഗ്സില്‍ പൂര്‍ത്തിയാക്കി. ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകളില്‍ നിന്നും ഈ ഈ നേട്ടത്തിലെത്തിയ ലോകത്തിലെ നാലാമത്തെ വിക്കറ്റ് കീപ്പറായും അദ്ദേഹം മാറി. ഏഷ്യക്കു പുറത്ത് ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിനെ തേടിയെത്തി. ഏഷ്യക്കു പുറത്തെ താരത്തിന്റെ നാലാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടു ടെസ്റ്റ് സെഞ്ച്വറികളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബിലും റിഷഭ് പന്ത് അംഗമായി.

Comments are closed.