head2
head 3
head1

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി

ഐസിസി വനിത ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പട ഇംഗ്ലണ്ടിന് മുന്നില്‍ വീണു. വിന്‍ഡീസിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ഇംഗ്ലീഷ് താരങ്ങളോട് നാല് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (53*) അര്‍ധസെഞ്ചുറിയും ഷാര്‍ലറ്റ് ഡീന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 36.2 ഓവറില്‍ വെറും 134 റണ്‍സിനു ഓള്‍ഔട്ടായി. 35 റണ്‍സെടുത്ത സ്മൃതി മന്ദന, 30 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 8.2 ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത കാര്‍ലോറ്റെ ഡീനാണ് ഇന്ത്യന്‍ ബാറ്റിംഗ നിരയെ തകര്‍ത്തത്.

മറുപടിയില്‍ ഇംഗ്ലണ്ട് അല്‍പ്പം പതറിയെങ്കിലും ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 31.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കു വേണ്ടി മേഘ്‌ന സിംഗ് മൂന്നു വിക്കറ്റുകളെടുത്തു. ജുലാന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പാകിസ്താനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 107 റണ്‍സിന്റെ ഉജ്വല വിജയം നേടിയായിരുന്നു 2022 ലോകകപ്പില്‍ ഇന്ത്യ വരവറിയിച്ചത്. പിന്നീട് ന്യുസിലാന്‍ഡിനെതിരെ 62 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മൂന്നാമത്തെ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 155 റണ്‍സിന്റെ കൂറ്റന്‍ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യക്കു ഇനി മൂന്നു മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ശനിയാഴ്ച കരുത്തരായ ഓസ്‌ട്രേലിയക്കെതിരയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 22ന് ബംഗ്ലാദേശിനെയും 27ന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും. നിലവില്‍ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസീസും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Comments are closed.