head 3
head2
head1

കുതിച്ചുയരുന്ന ജീവിതച്ചെലവ്; പ്രതിവിധികളുമായി ലോകരാജ്യങ്ങള്‍

ഡബ്ലിന്‍ : പണപ്പെരുപ്പവും കുതിച്ചുയരുന്ന ജീവിതച്ചെലവുകളും മൂലം ലോക രാജ്യങ്ങളാകെ സമ്മര്‍ദ്ദം നേരിടുകയാണ്. ഇതില്‍ നിന്നും രക്ഷനേടാന്‍ ഓരോ രാജ്യങ്ങളും വിവിധങ്ങളായ പോംവഴികളും പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞു. പാന്‍ഡെമിക്കുമായി ബന്ധപ്പെട്ടുണ്ടായ ആഗോള വിതരണ പ്രശ്നങ്ങളും ഉക്രൈയ്നിലെ യുദ്ധത്തിന്റെ പ്രത്യാഘാതവുമാണ് ലോകമെമ്പാടും എനര്‍ജി, ചരക്കുകള്‍, അടിസ്ഥാന വസ്തുക്കള്‍ എന്നിവയുടെ വിലകള്‍ ഉയര്‍ത്തിയത്.

ജൂലൈയില്‍ പണപ്പെരുപ്പം 8.6 ശതമാനത്തില്‍ നിന്ന് 8.9 ശതമാനം എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ യൂറോ സോണാകെ പ്രശ്നത്തിലായി. ഇതേ തുടര്‍ന്ന് ഇ സി ബി ഉള്‍പ്പടെ ഓരോ രാജ്യത്തെ സെന്‍ട്രല്‍ ബാങ്കുകളും പലിശ നിരക്കുയര്‍ത്തിയിരുന്നു. വിവിധ സര്‍ക്കാരുകളും നിത്യ ജീവിതച്ചെലവുകള്‍ താങ്ങാനാകാതെ വലയുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഗ്യാസ് പ്രൈസ് ലെവി ഏര്‍പ്പെടുത്തി ജര്‍മ്മനി

ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഗ്യാസ് പ്രൈസ് ലെവി ഏര്‍പ്പെടുത്താനാണ് ജര്‍മ്മനിയുടെ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ റഷ്യന്‍ ഗ്യാസ് ഇറക്കുമതിക്കാരായ യൂനിപ്പറിന്റെ 15 ബില്യണ്‍ യൂറോയുടെ സഹായമാണ് ഗവണ്‍മെന്റ് ജൂലൈയില്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗത ചെലവ് വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിനും ഡീസലിനും നികുതിയിളവ് ഏര്‍പ്പെടുത്തി.

20 ബില്യണ്‍ യൂറോയുടെ പാക്കേജുമായി ഫ്രാന്‍സ്

20 ബില്യണ്‍ യൂറോയുടെ പണപ്പെരുപ്പ-ആശ്വാസ പാക്കേജാണ് ഫ്രാന്‍സില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുടുംബങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതി രഹിത ബോണസ് പേയ്‌മെന്റുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇറ്റലിയ്ക്ക് 17 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജ്

ഇറ്റലി 17 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജിനാണ് അംഗീകാരം നല്‍കിയത്. വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ട്. വൈദ്യുതി, ഗ്യാസ്, പെട്രോള്‍ ചെലവുകള്‍ മയപ്പെടുത്താന്‍ ഇതിനകം 35 ബില്യണ്‍ യൂറോയും സര്‍ക്കാര്‍ ചെലവിട്ടിരുന്നു.

‘പേയ്‌മെന്റ് ഹോളിഡേയ്‌സ്’ റിലീഫുമായി പോളണ്ട്

പോളിഷ് സ്ലോട്ടികളില്‍ മോര്‍ട്ട്ഗേജുകളുള്ള വ്യക്തികള്‍ക്കായി ‘പേയ്‌മെന്റ് ഹോളിഡേയ്‌സ്’ റിലീഫ് സ്‌കീമാണ് പോളണ്ട് അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തെ കാലയളവില്‍ എട്ട് മാസത്തേക്ക് പേയ്‌മെന്റുകള്‍ ഒഴിവാക്കാന്‍ അനുവദിക്കുന്നതാണിത്.

430 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ പദ്ധതി

നാണയപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമമാണ് യു എസ് സെനറ്റ് അംഗീകരിച്ചത്. 430 ബില്യണ്‍ ഡോളറിന്റെ (422 ബില്യണ്‍ യൂറോ) പായ്ക്കേജും പ്രഖ്യാപിച്ചു. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ വില കുറച്ചതും കോര്‍പ്പറേറ്റ് നികുതികള്‍ ഉയര്‍ത്തിയതും ഉപഭോക്തൃ നികുതി ക്രെഡിറ്റ് നടപടികളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

പെട്രോള്‍ വില കുറച്ച് ബ്രസീല്‍

പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോ ബ്രാസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയും ബ്രസീല്‍ സര്‍ക്കാരും. ജൂലൈയില്‍ കമ്പനി രണ്ട് തവണ പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

കയറ്റുമതി, ഇറക്കുമതി നിയന്ത്രണവുമായി ഇന്ത്യ

ഗോതമ്പ്, പഞ്ചസാര എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുറമേ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നികുതിയും വെട്ടിക്കുറച്ചു.

103 ബില്യണ്‍ ഡോളര്‍ പായ്ക്കേജുമായി ജപ്പാന്‍

വര്‍ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നിന്നുള്ള സാമ്പത്തികാഘാതം നേരിടുന്നതിനായി ജപ്പാന്‍ ഏപ്രിലില്‍ 103 ബില്യണ്‍ ഡോളര്‍ (101 ബില്യണ്‍ യൂറോ) ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. പെട്രോള്‍ വില നിയന്ത്രിക്കുന്നതിന് സബ്‌സിഡികളും കുട്ടികളുള്ള താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സഹായവും ഇതിലുള്‍പ്പെടുന്നു.

സാമൂഹിക ക്ഷേമ വിഹിതം കൂട്ടി സൗദി അറേബ്യ

സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും ജൂലൈ ആദ്യം സാമൂഹിക ക്ഷേമത്തിനായുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് യു എ ഇ ധനസഹായം ഇരട്ടിയാക്കി. ഇതിനായി സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് 20 ബില്യണ്‍ റിയാലാണ് അനുവദിച്ചത്.

മിനിമം വേതനം 30 ശതമാനത്തിലേറെ വര്‍ധിപ്പിച്ച് ടര്‍ക്കി

ജീവിതച്ചെലവു മൂലം വലയുന്നവരെ സഹായിക്കുന്നതിന് തുര്‍ക്കി സര്‍ക്കാര്‍ ജൂലൈ ആദ്യം മിനിമം വേതനം 30 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. രാജ്യത്തെ പണപ്പെരുപ്പം 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 79.6 ശതമാനത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

Comments are closed.