head 3
head2
head1

ചരിത്ര വിജയം നേടി സിന്‍ഫെയ്ന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഭരണത്തിലേക്ക്…

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സിന്‍ ഫെയ്ന്‍ ചരിത്ര വിജയത്തിലേയ്ക്ക്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സിന്‍ ഫെയ്ന്‍ അധികാരത്തിലേയ്ക്കെത്തുന്നത്. ക്രോസ്-കമ്മ്യൂണിറ്റി അലയന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഭയപ്പെട്ടതുപോലെയുള്ള വലിയ പതനമുണ്ടായില്ലെന്നത് ഭരണത്തിലിരുന്ന ഡിയുപിയ്ക്കും ആശ്വാസം നല്‍കുന്നതായി.

സിന്‍ ഫെയ്‌ന് 2,50,388 ഫസ്റ്റ്-പ്രിഫറന്‍സ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡിയുപിക്ക് 1,84,002, അലയന്‍സ് പാര്‍ട്ടിക്ക് 116,681 എന്നിങ്ങനെയും വോട്ടുകള്‍ കിട്ടി.

ഇലക്ഷനില്‍ 29% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സിന്‍ ഫെയ്ന്‍ സ്റ്റോര്‍മോണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നിരുന്നാലും സമ്പൂര്‍ണ്ണ റിസള്‍ട്ടിനായി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയത് 27 സീറ്റുകളെങ്കിലും പാര്‍ട്ടിയ്ക്ക് ഉറപ്പാണ്.

ഡിയുപിക്ക് 21.3% വോട്ടുകള്‍ ലഭിച്ചു. 2017ലെ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണിത്. വോട്ട് വിഹിതം നാല് ശതമാനം വര്‍ധിപ്പിച്ച് (13.5%) നില മെച്ചപ്പെടുത്തി. ടിയുവിയുടെ വോട്ടുകളിലും (അഞ്ച് ശതമാനം) വര്‍ധനവുണ്ടായി.

90 സ്റ്റോര്‍മോണ്ട് മണ്ഡലങ്ങളില്‍ ഫലം പ്രഖ്യാപിച്ച 45ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 18 സീറ്റുകള്‍ നേടി. ഡിയുപി 12, അലയന്‍സ് എട്ട്, യുയുപി നാല്, എസ്ഡിഎല്‍പി മൂന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷി നില.

മിഡ് അള്‍സ്റ്ററില്‍ നിന്നും സിന്‍ ഫെയ്‌നിന്റെ ഡെപ്യൂട്ടി ലീഡര്‍ മിഷേല്‍ ഒ നീലും ഈസ്റ്റ് ബെല്‍ഫാസ്റ്റില്‍ നിന്ന് അലയന്‍സ് നേതാവ് നവോമി ലോംഗും ലഗാന്‍ വാലിയില്‍ നിന്ന് ഡിയുപി നേതാവ് ഡോണാള്‍ഡ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.

അതിനിടെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രംഗത്തുവന്നത് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാവരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് സിന്‍ ഫെയ്ന്‍ വ്യക്തമാക്കി.

1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് അനുസരിച്ച് അധികാരം പങ്കുവെയ്ക്കാന്‍ നാഷണലിസ്റ്റുകളും യൂണിയനിസ്റ്റും ബാധ്യസ്ഥരാണ്. എന്നാല്‍ ബ്രക്സിറ്റനന്തരം യുകെയുടെ മറ്റ് ഭാഗങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പുനപ്പരിശോധിച്ചില്ലെങ്കില്‍ അധികാരത്തില്‍ പങ്കാളിയാകില്ലെന്ന് ഡിയുപി മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ എക്‌സിക്യൂട്ടീവിലേക്ക് മന്ത്രിമാരെ നോമിനേറ്റ് ചെയ്യില്ലെന്നും ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ പറഞ്ഞു. ബ്രിട്ടന്റെ ഭാഗങ്ങളില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്ന ചരക്കുകളുടെ പരിശോധനകളും നീക്കണമെന്നാണ് ഡിയുപി ആവശ്യപ്പെടുന്നത്.

നോര്‍ത്തിലെ വിജയം റിപ്പബ്ലിക്കിലും കരുത്തു പകരും

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിന്‍ ഫെയ്ന്‍ അധികാരത്തിലേയ്ക്ക് നീങ്ങുമ്പോള്‍ വഴിമാറുന്നത് രാജ്യത്തിന്റെ ചരിത്രമാണ്. രാജ്യത്തിന്റെ ഫസ്റ്റ് മിനിസ്റ്ററായി സിന്‍ ഫെയ്ന്‍ നേതാവ് മിഷേല്‍ ഒ നീല്‍ വന്നേക്കുമെന്നാണ് സൂചന.

സംയുക്ത അയര്‍ലണ്ടിലെ സിന്‍ ഫെയ്ന്‍ പാര്‍ട്ടിയുടെ ലീഡറായ മേരി ലൂ മക് ഡൊണാള്‍ഡിന്റെ ശക്തമായ നേതൃത്വത്തില്‍ മികച്ച മുന്നേറ്റമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും പാര്‍ട്ടി കാഴ്ച വെയ്ക്കുന്നത്. സാധാരണക്കാരുടെ പാര്‍ട്ടിയായി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും അവര്‍ മുന്നേറുന്നു. അധികാര രാഷ്ട്രീയത്തിലെ മുതലാളിമാരുടെയും, ഭൂ ഉടമകളുടെയും ദല്ലാള്‍ പണിക്കാരായാണ് അവര്‍ ഫിനഗേലിനെയും ഫിനാഫാളിനെയും വിലയിരുത്തുന്നത്. കഴിഞ്ഞയിടയ്ക്ക് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് സിന്‍ഫെയ്‌നാണ്.

ഫിനഗേലിനേക്കാള്‍ 11% വോട്ടുകളാണ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെ അവസാനത്തെ അഭിപ്രായ വോട്ടെടുപ്പുകളില്‍ സിന്‍ ഫെയ്ന്‍ നേടിയത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇതാദ്യമായി ഒന്നാമത്

1921ല്‍ രാജ്യം രൂപീകരിച്ചതു മുതല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയാണ് എല്ലായ്പ്പോഴും അസംബ്ലിയിലും നേരത്തേ സ്റ്റോമോണ്ട് പാര്‍ലമെന്റിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളത്. ഫസ്റ്റ് മിനിസ്റ്റര്‍ക്കും ഡപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ക്കും അധികാരം തുല്യമാണെങ്കിലും, പദവിയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതേസമയം, ബ്രക്സിറ്റ് ഒരു നിഴലായി നോര്‍ത്തേണ്‍ അയര്‍ലണ്ട് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന സൂചനയും നിലവിലെ സ്ഥിതിഗതികള്‍ നല്‍കുന്നു.

മുന്‍ സഭയില്‍ കക്ഷി നില ഇങ്ങനെ:

2017ലെ തിരഞ്ഞെടുപ്പില്‍ ഡി യു പി 28 സീറ്റുകള്‍ നേടിയാണ് ഏറ്റവും വലിയ കക്ഷിയായത്. സിന്‍ ഫെയ്ന് 27 എംഎല്‍എമാരെയെ ലഭിച്ചുള്ളു. എസ്ഡിഎല്‍പിക്ക് 12 സീറ്റും, അള്‍സ്റ്റര്‍ യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും, അലയന്‍സിന് എട്ട് സീറ്റും, ഗ്രീന്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റും, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനും ടിയുവിക്കും ഓരോ സീറ്റ് വീതവും ലഭിച്ചു.

ഇക്കുറി ഡിയുപി സ്ഥാനാര്‍ഥികള്‍ 30, സിന്‍ഫെയ്ന് 34

ഇത്തവണ ഡിയുപി 30 സ്ഥാനാര്‍ത്ഥികളെയാണ് മല്‍സരിപ്പിച്ചത്. അതേസമയം സിന്‍ ഫെയ്ന് 34 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. യുയുപി 27, അലയന്‍സ് പാര്‍ട്ടി 24, എസ്ഡിഎല്‍പി 22, ടിയുവി 19, ഗ്രീന്‍ പാര്‍ട്ടി 18, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് 12, ഓണ്ടു 12, വര്‍ക്കേഴ്സ് പാര്‍ട്ടി ആറ്, പിയുപി മൂന്ന് എന്നിങ്ങനെയും സ്ഥാനാര്‍ഥികള്‍ കളത്തിലുണ്ട്.

ഐറിഷ് റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും (ഐആര്‍എസ്പി) സോഷ്യലിസ്റ്റ് പാര്‍ട്ടിയും രണ്ട് സ്ഥാനാര്‍ത്ഥികളെ വീതവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കണ്‍സര്‍വേറ്റീവുകള്‍, ക്രോസ് കമ്മ്യൂണിറ്റി ലേബര്‍ അലയന്‍സ് (സിസിഎല്‍എ), റെസ്യൂമെ എന്‍ഐ, ഹെറിറ്റേജ് പാര്‍ട്ടി എന്നിവര്‍ ഓരോ സ്ഥാനാര്‍ഥിയെയും മത്സരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ 24 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

നോര്‍ത്തേണ്‍ രാഷ്ട്രീയത്തില്‍ തുടരുന്ന ബ്രക്സിറ്റ് നിഴല്‍

ബ്രക്‌സിറ്റിനു ശേഷമുള്ള വ്യാപാര ക്രമീകരണങ്ങള്‍ യു കെ പൂര്‍ണ്ണമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരിയില്‍ ഫസ്റ്റ് മന്ത്രി പോള്‍ ഗിവന്‍ രാജിവച്ചത്. ഈ നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ട്ടി ചര്‍ച്ചയാക്കിയിരുന്നു. നിയമസഭയില്‍ രണ്ടാമനായ ഡി യു പി ഇക്കാര്യത്തില്‍ തുടരുന്ന കാര്‍ക്കശ്യം അധികാരമാറ്റത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്. ബ്രിട്ടനില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തുന്ന വിവിധ ചരക്കുകളുടെ അധിക പരിശോധനകളെയാണ് യൂണിയനിസ്റ്റുകള്‍ എതിര്‍ക്കുന്നത്.

ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് പ്രകാരമുള്ള നടപടികളെ മാത്രമേ പിന്തുണയ്ക്കുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബ്രക്സിറ്റ് പ്രശ്നം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ പ്രശ്നം പരിഹരിക്കാതെ അധികാരത്തില്‍ പങ്കാളിയാകില്ലെന്ന് ഡിയുപി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വരും നാളുകള്‍ ഇവിടെ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

Comments are closed.