head1
head2
head 3

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി; ചരിത്ര വിജയം!

ന്യൂഡല്‍ഹി: ചരിത്ര വിജയം നേടി ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15ാം രാഷ്ട്രപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടില്‍ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2,61,062) നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തുടര്‍ന്ന് വരണാധികാരിയായ പി സി മോദി വിജയിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.

ആദ്യ രണ്ട് റൗണ്ടിലും മുര്‍മു വന്‍ ലീഡ് നേടിയിരുന്നു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യമെന്ന് വരണാധികാരി അറിയിച്ചു. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണ്.

ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 (മൂല്യം 3,78,000) പേരുടെ പിന്തുണയാണ് മുര്‍മുവിനു ലഭിച്ചത്. യശ്വന്ത് സിന്‍ഹയ്ക്ക് 208 (1,45,600) എംപിമാരുടെ പിന്തുണയും ലഭിച്ചു. 15 വോട്ടുകള്‍ അസാധുവായെന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി അറിയിച്ചു.

പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് രാവിലെ 11 മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്.

1958 ജൂണ്‍ 20 ന് ഒഡീഷയിലെ ബൈഡപ്പോസി ഗ്രാമത്തില്‍ ജനിച്ച മുര്‍മു ഗോത്ര വിഭാഗത്തില്‍ വരുന്ന സന്താള്‍ വംശജയാണ്. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് മുര്‍മു ഉയരങ്ങള്‍ കീഴടക്കിയത്. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ കൂടിയായ മുര്‍മു വലിയ അനുഭവസമ്പത്തുമായാണ് രാജ്യത്തെ പ്രഥമ വനിതയാകാനൊരുങ്ങുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്.

പ്രതിപക്ഷത്തെ ചില കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ചിരുന്നു. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും ഇതോടെ കുറിക്കപ്പെടും. രാജ്യത്തിന്റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

Comments are closed.