head2
head 3
head1

എട്ട് ലക്ഷം ട്രൗട്ടുകളെ ഡെന്മാര്‍ക്കില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഹിമാചല്‍

ഷിംല : ജനിതകമാറ്റം വരുത്തിയ എട്ട് ലക്ഷം ബ്രൗണ്‍, റെയിന്‍ബോ ട്രൗട്ടുകളെ ഹിമാചല്‍ പ്രദേശ് ഫിഷറീസ് വകുപ്പ് ഇറക്കുമതി ചെയ്യുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി വീരേന്ദര്‍ കന്‍വാര്‍.

കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന തണുത്ത ജല ഇനമാണ് ഇവ. മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനായി 2018 മുതല്‍ 2020 വരെ ഡെന്മാര്‍ക്കില്‍ നിന്ന് 15 ലക്ഷം റെയിന്‍ബോ ട്രൗട്ടുകളെയും 3 ലക്ഷം ബ്രൗണ്‍ ട്രൗട്ടുകളെയുമാണ് സര്‍ക്കാര്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി ചെയ്ത ട്രൗട്ടുകളെ കുളുവിലെ ഹംനി, ബാതഹാര്‍ ഫാമുകളില്‍ വളര്‍ത്തുകയാണ്. പിന്നീട് അവ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുമെന്നും ബ്രീഡിങ് ആവശ്യത്തിനായി വകുപ്പ് തല ട്രൗട്ട് ഫാമുകളില്‍ കുറച്ച സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബിലാസ്പൂര്‍ ജില്ലയിലെ കോള്‍ഡ് റിസര്‍വോയറിലെ കൂടുകളില്‍ എട്ട് മാസത്തിനുള്ളില്‍ ടേബിള്‍ സൈസ് ട്രൗട്ടുകളെയും ഗോവിന്ദ് സാഗര്‍ അണക്കെട്ടിലെ കൂടുകളില്‍ 2021 -22 വര്‍ഷത്തില്‍ 72 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് ടണ്‍ ട്രൗട്ടുകളെയും ഫിഷറീസ് വകുപ്പ് വളര്‍ത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കീഴില്‍ 8.75 കോടി രൂപ പ്രാരംഭ അടങ്കലില്‍ സംസ്ഥാനത്ത് 32 ട്രൗട്ട് ഹാച്ചറികള്‍ സ്ഥാപിച്ചിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തു 2 .50 കോടി രൂപ മുതല്‍ മുടക്കില്‍ സിര്‍മൗര്‍, ചമ്പ, കിന്നൗര്‍, ഷിംല, മാണ്ഡി ജില്ലകളില്‍ കൂടി ട്രൗട്ട് ഹാച്ചറികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്ഥാപിക്കും. റെയിന്‍ബോ ട്രൗട്ടുകള്‍ക്ക് അനുകൂലമായ ശുദ്ധജല സ്രോതസുകള്‍ സംസ്ഥാനത്ത് നിരവധി ഉള്ളതുകൊണ്ട് തന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 700 ല്‍ നിന്ന് 1200 ടണ്‍ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

സ്‌പോര്‍ട്‌സ് മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ 1909 ല്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യയിലേക്ക് കൊണ്ട് വന്ന ട്രൗട്ടുകളെ പ്രതിവര്‍ഷം 80,000 മുതല്‍ 1,00,000 വരെ എന്ന തോതില്‍ ഫിഷറീസ് വകുപ്പ് സംഭരിക്കുന്നുണ്ട്. ഇന്ത്യ – നോര്‍വിജിയ ട്രൗട്ട് ഫാര്‍മിംഗ് പ്രൊജക്റ്റ് പ്രകാരം ട്രൗട്ട് ഫാര്‍മിംഗ് സാങ്കേതികവിദ്യ കൈമാറ്റം ചെയ്യപ്പെട്ടത് അതിന്റെ വാണിജ്യ കൃഷിക്ക് വഴിയൊരുക്കി .600 കര്‍ഷകരെ ഉള്‍പ്പെടുത്തി 1200 -ലധികം ട്രൗട്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ട്രൗട്ട് യൂണിറ്റ് വര്‍ഷത്തില്‍ 213 ദിവസത്തെ തൊഴിലും ശരാശരി കുടുംബ വരുമാനത്തിന്റെ 41 ശതമാനവും നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. സാല്‍മോണിഡെ കുടുംബത്തിലെ ഈ ശുദ്ധജലമീനുകളില്‍ ബ്രൗണ്‍, റെയിന്‍ബോ ട്രൗട്ടുകള്‍ കൂടുതലായും കണ്ടുവരുന്നത് ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്. ട്രൗട്ടിനെക്കൂടാതെ ഹിമാചലില്‍ ഹങ്കേറിയന്‍ കരിമീന്‍, മഹ്സീര്‍, ബാരിലസ്, ഗ്ലിപ്‌ടോതോറാക്‌സ് എന്നിവയും വിജയകരമായി ഉത്പാദിപ്പിച്ചു വരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.