head 3
head1
head2

അയര്‍ലണ്ടില്‍ നിന്നും നാടുകടത്താനുള്ള ഉത്തരവ് : ഇന്ത്യന്‍ യുവാവിന്റെ റസിഡന്‍സി അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

ഡബ്ലിന്‍ : വ്യാജ വിവാഹത്തിന്റെ പേരില്‍ ഇന്ത്യന്‍ യുവാവിന് റസിഡന്‍സി പെര്‍മിറ്റ് വിലക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പോര്‍ച്ചുഗീസ് യുവതിയുമായുള്ള വിവാഹം വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിതി മന്ത്രി ഇദ്ദേഹത്തിന് റസിഡന്‍സി വിലക്കിയത്. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹിതനായത് പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇക്കാര്യം പരിഗണിക്കുന്നതില്‍ നീതി മന്ത്രിയ്ക്ക് പിശകു പറ്റിയെന്ന് ജഡ്ജി ജസ്റ്റിസ് അന്തോണി ബാര്‍ നിരീക്ഷിച്ചു.

32കാരനായ യുവാവ് 2013 മാര്‍ച്ചിലാണ് സ്റ്റുഡന്റ് വിസയില്‍ അയര്‍ലണ്ടിലെത്തിയത്. 2014 സെപ്തംബര്‍ വരെയായിരുന്നു അതിന് അനുമതിയുണ്ടായിരുന്നത്. 2015 ഫെബ്രുവരിയില്‍ യുവാവ് പോര്‍ച്ചുഗീസ് യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് റസിഡന്‍സി പെര്‍മിറ്റിന് അപേക്ഷിച്ചു.

2015 നവംബറില്‍ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നടത്തിയ ഹിയറിംഗില്‍ പോര്‍ച്ചുഗീസ് യുവതി ‘പണത്തിനായാണ്’ വിവാഹിതയായതെന്ന് വെളിപ്പെടുത്തി. കരാറില്‍ ഏര്‍പ്പെടാന്‍ മാത്രമാണ് പോര്‍ച്ചുഗലില്‍ നിന്ന് അയര്‍ലണ്ടിലെത്തിയതെന്നും യുവതി സമ്മതിച്ചു. അതോടെ പ്രശ്നമായി. തുടര്‍ന്ന് റസിഡന്‍സി പെര്‍മിറ്റ് തടഞ്ഞുവെച്ചു.

അതിനിടയില്‍ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റില്‍ ജോലി ചെയ്യുന്ന 26കാരിയായ മറ്റൊരു പോളീഷ് യുവതിയുമായി ഇദ്ദേഹം ബാന്ധവത്തിലായി. അതിന്റെ പേരില്‍ വീണ്ടും റസിഡന്‍സി പെര്‍മിറ്റിന് അപേക്ഷ നല്‍കി. ഇതും വ്യാജ വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അപേക്ഷ നിരസിച്ചു. നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.

രണ്ടാമതായി പോളിഷ് പെണ്‍കുട്ടിയെയാണ് യുവാവ് വിവാഹം കഴിച്ചതെന്ന് കോടതി പറഞ്ഞു. 11 വയസ്സ് മുതല്‍ അയര്‍ലണ്ടില്‍ ജീവിക്കുന്ന ഇവര്‍ക്ക് പണം വാങ്ങി വിവാഹിതയാകേണ്ട കാര്യമില്ലെന്ന് ജഡ്ജി പറഞ്ഞു. മാത്രമല്ല 2016 മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന യുവതിയ്ക്ക് താങ്ങും തണലുമായി ഇദ്ദേഹമുണ്ടെന്ന വസ്തുതയും പരിഗണിച്ച കോടതി യുവാവിന്റെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് നിര്‍ദ്ദേശിക്കകയായിരുന്നു.

Comments are closed.