head2
head 3
head1

വെന്തുരുകി യൂറോപ്യന്‍ രാജ്യങ്ങള്‍… താപനിലയില്‍ റെക്കോഡുകള്‍ തകരുന്നു… കാട്ടുതീയില്‍ വന്‍ നാശം

ബ്രസല്‍സ് : ഉഷ്ണതരംഗത്തെ തുടര്‍ന്ന് ആളിക്കത്തുന്ന വെയിലില്‍ വെന്തുരുകുകയാണ് ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും. ഉഷ്ണതരംഗ ഭീകരതയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ താപനിലകള്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഭയാനമായ നിലയില്‍ വ്യാപകമായി കാട്ടുതീയും ആളപായങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫ്രാന്‍സടക്കമുള്ള രാജ്യങ്ങളില്‍ കാട്ടുതീ വന്‍ നാശമാണുണ്ടാക്കുന്നത്. സ്പെയിനും പോര്‍ച്ചുഗലുമുള്‍പ്പടെയുള്ളവയും കാട്ടുതീയുടെയും വരള്‍ച്ചയുടെയും പിടിയിലാണ്.

ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ അഗ്‌നിബാധയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരായി. അഗ്‌നിബാധയില്‍ നിന്നുള്ള വിഷപ്പുകയും നാശം വിതയ്ക്കുന്നുണ്ട്. ഇക്കാരണത്താല്‍ ആര്‍ക്കച്ചോണിനടുത്തുള്ള ഒരു മൃഗശാലയില്‍ നിന്ന് 1,000ലധികം മൃഗങ്ങളെ മാറ്റിയിരുന്നു. ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഉഷ്ണതരംഗത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.

സ്പെയിനില്‍ മാഡ്രിഡിലും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സമോറയിലും ആളപായവും റിപ്പോര്‍ട്ടു ചെയ്തു. തെക്ക് മുതല്‍ വടക്കുപടിഞ്ഞാറന്‍ ഗലീഷ്യ വരെ 20ഓളം കാട്ടുതീ സംഭവങ്ങളാണുണ്ടായത്. ഇവിടങ്ങളിലാകെ 4,500 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു.

പോര്‍ച്ചുഗലില്‍ താപനിലയില്‍ നേരിയ കുറവുണ്ടായി. എങ്കിലും കാട്ടുതീ ഭീഷണിയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ 47 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. പോര്‍ച്ചുഗലില്‍ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. 15,000 ഹെക്ടറോളം ഭൂമിയാണ് ഇവിടെ നശിച്ചത്.

ചൂടിന്റെ റെക്കോഡില്‍ ബ്രിട്ടന്‍

ബ്രിട്ടനില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു തിങ്കളാഴ്ച. ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ചൂടേറിയ ദിവസവുമായിരുന്നു ഇത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ സഫോള്‍ക്കില്‍ 38.1 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

റണ്‍വേകള്‍ വെന്തുരുകിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വിമാന സര്‍വ്വീസുകള്‍ പോലും നിര്‍ത്തേണ്ടിവന്നു. ട്രയിനുകളും സര്‍വ്വീസുകള്‍ നടത്തുന്നില്ല. സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഉയര്‍ന്ന ചൂട് റണ്‍വേയ്ക്ക് കേടുപാടുകളുണ്ടാക്കിയതിനെ തുടര്‍ന്ന് ലണ്ടന്‍ ലൂട്ടണ്‍ എയര്‍പോര്‍ട്ട് വിമാന സര്‍വ്വീസുകള്‍ പോലും നിര്‍ത്തിവച്ചു. ഇനിയും ചൂട് കൂടുമെന്നും 40 സിവരെയെത്തുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

റെക്കോഡിട്ട് ഫ്രാന്‍സ്

ഫ്രാന്‍സിലെ വിവിധ പട്ടണങ്ങളിലും നഗരങ്ങളിലും കൊടും ചൂടാണ് ഇന്നലെ അനുഭവപ്പെട്ടതെന്ന് നാഷണല്‍ വെതര്‍ ഓഫീസ് സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ അറ്റ്ലാന്റിക് തീരത്ത് ബ്രെസ്റ്റില്‍ 39.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് പുതിയ റെക്കോഡ്. 2002ലെ 35.1 ഡിഗ്രി സെല്‍ഷ്യസ് ആണ് മുന്‍ റെക്കോഡ്.

സെന്റ് ബ്രിയൂക്ക് 38.1സിയെന്ന മുന്‍കാല റെക്കോര്‍ഡ് മറികടന്ന് 39.5സി രേഖപ്പെടുത്തി. പടിഞ്ഞാറന്‍ നഗരമായ നാന്റസില്‍ 42 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. 1949ലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള 40.3സി റെക്കോഡിനെയാണ് തകര്‍ത്തത്.

വാട്ടര്‍ ബോംബിംഗുമായി സൈന്യവും ഫയര്‍ഫോഴ്സും

കാട്ടുതീ തുടരുന്ന ഫ്രാന്‍സിന്റെ വിവിധയിടങ്ങളില്‍ അഗ്നിശമന സേനയും സൈന്യവും വാട്ടര്‍ബോംബിംഗിലൂടെ പോരാട്ടം തുടരുകയാണ്. രാജ്യത്തെ അഗ്‌നിശമനസേനയുടെ ഗണ്യമായ വിഭാഗം ഇവിടെ സേവനത്തിലാണ്. ഉയര്‍ന്ന ചൂട് കണക്കിലെടുത്ത് ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു.

വടക്കുനിന്നുള്ള യൂറോപ്യന്‍ ഉഷ്ണതരംഗം തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളെ വിഴുങ്ങുന്ന നിലയിലാണ്. ഇത് രണ്ടാം പ്രാവശ്യമാണ് ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയു പ്രദേശത്തിന്റെ പകുതിയോളം (46%) ഭാഗം വരള്‍ച്ചാ ഭീഷണിയിലാണ്. വെള്ളമില്ലാതെ കാര്‍ഷിക മേഖല നാശോന്മുഖമാവുകയാണ്.

Comments are closed.