head 3
head2
head1

ആരോഗ്യ പ്രശ്നങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹം

വത്തിക്കാന്‍ : ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് അഭ്യൂഹം. കാല്‍മുട്ടിന്റെ പ്രശ്നം മൂലം വീല്‍ച്ചെയറിലാണ് ഒരു മാസമായി 85കാരനായ മാര്‍പാപ്പ സഞ്ചരിക്കുന്നത്.

മാര്‍പാപ്പ സ്ഥാനമൊഴിയുന്നതിന് തയ്യാറെടുക്കുകയാണെന്ന് കരുതുന്നവരേറെയാണ്. പുതിയ കര്‍ദ്ദിനാള്‍മാരെ പ്രഖ്യാപിച്ചതും ഓഗസ്റ്റില്‍ കണ്‍സിസ്റ്ററി ചേരുന്നതും തിരക്കു പിടിച്ച് വത്തിക്കാനില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചതുമൊക്കെയും അതിന് മുന്നോടിയാണെന്ന് അവര്‍ പറയുന്നു.

പോപ്പ് സെലസ്റ്റിന്‍ അഞ്ചാമന്റെ ഫീസ്റ്റില്‍ പങ്കെടുക്കുന്നതിനായി ഓഗസ്റ്റില്‍ സെന്‍ട്രല്‍ ഇറ്റാലിയന്‍ നഗരമായ എല്‍ അക്വില സന്ദര്‍ശിക്കുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചതോടെ പദവിയൊഴിയുമെന്ന അഭ്യൂഹത്തിന് ആക്കം കൂടി. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് മുമ്പ് സ്ഥാനമൊഴിഞ്ഞയാളാണ് പോപ്പ് സെലസ്റ്റിന്‍ അഞ്ചാമന്‍. എല്‍ അക്വിലയിലെ ബസിലിക്കയിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം.

21 പുതിയ കര്‍ദ്ദിനാള്‍മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ കര്‍ദ്ദിനാള്‍മാരില്‍ പതിനാറ് പേര്‍ 80 വയസ്സിന് താഴെയുള്ളവരും തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളവരുമാണ്.

വത്തിക്കാന്‍ ബ്യൂറോക്രസിയെ പരിഷ്‌ക്കരിക്കുന്ന അപ്പസ്‌തോലിക ഭരണഘടനയെക്കുറിച്ച് കര്‍ദിനാള്‍മാരെ അറിയിക്കാന്‍ അടുത്ത ആഴ്ച രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ നടത്തുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു.

വത്തിക്കാന്‍ ഓഫീസുകളുടെ മേധാവിയാകാന്‍ സ്ത്രീകളെ അനുവദിക്കുന്നതും വൈദികരായ വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കാലാവധി ഏര്‍പ്പെടുത്തുന്നതും ഹോളി സീയെ ലോക്കല്‍ ചര്‍ച്ചുകളുടെ സര്‍വ്വീസിനുള്ള സ്ഥാപനമായി മാറ്റുന്നതുമൊക്കെയുള്‍പ്പെട്ടതാണ് പുതിയ പരിഷ്‌കാരങ്ങള്‍.

Comments are closed.