head 3
head2
head1

ലോംഗ് കോവിഡിന്റെ കാണാപ്പുറങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് ആരോഗ്യ വിദഗ്ധന്‍

ഡബ്ലിന്‍ : ലോംഗ് കോവിഡിന്റെ കാണാപ്പുറങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് ആരോഗ്യ വിദഗ്ധന്‍. ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് പ്രൊഫ. ജാക്ക് ലാംബെര്‍ട്ടാണ് പാര്‍ലമെന്ററി സമിതിയില്‍ ഗൗരവം നിറഞ്ഞ ഇക്കാര്യം വ്യക്തമാക്കിയത്.

ചികില്‍സിച്ച രോഗികളില്‍ ഭൂരിപക്ഷവും ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകരായിരുന്നുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തി. അവരുടെ തലച്ചോറിന് തകരാറുള്ളതായും പ്രൊഫ. ജാക്ക് പറഞ്ഞു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ഒരു വര്‍ഷത്തിന് ശേഷം മൂന്നിലൊന്ന് രോഗികള്‍ക്ക് ലോംഗ് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോംഗ് കോവിഡിന്റെ ഭാഗമായി ചിലരില്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ഉണ്ടെന്ന് പ്രൊഫ. ജാക്ക് വ്യക്തമാക്കി.

മസ്തിഷ്‌ക വീക്കവും ക്ഷീണവും

ലോംഗ് കോവിഡ് രോഗികളുടെ മസ്തിഷ്‌ക സ്‌കാനുകളില്‍ മറ്റ് ലക്ഷണങ്ങളോടൊപ്പം മസ്തിഷ്‌ക വീക്കവും കാണിക്കുന്നുവെന്ന് പ്രൊഫ. ലാംബര്‍ട്ട് പറഞ്ഞു. കൂടാതെ ചില രോഗികള്‍ വിട്ടുമാറാത്ത ക്ഷീണവും അനുഭവിക്കുന്നുണ്ടെന്നും ലാംബെര്‍ട്ട് പറഞ്ഞു.

ലോംഗ് കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ബ്രയിന്‍ ഫോഗ് ഉണ്ടെന്നും ബോധക്ഷയ പ്രശ്നങ്ങള്‍, ക്ഷീണം, ഉറക്കമില്ലായ്മ, മാനസിക പ്രശ്നങ്ങള്‍ എന്നിവയുണ്ടെന്നും കണ്ടെത്തിയെന്നും ഇദ്ദേഹം പറഞ്ഞു.

രക്തസമ്മര്‍ദ്ദം, പള്‍സ് തെര്‍മോണ്‍ഗുലേഷന്‍ പ്രശ്നങ്ങള്‍, ഒരുതരം ഡിസോടോണോമിയ എന്നിവയും ഉണ്ടായിരുന്നു. ഇത് വാഗസ് നാഡിയുടെ അസാധാരണമായ പ്രവര്‍ത്തനമാണ് കാണിക്കുന്നത്. രോഗികള്‍ക്ക് മണവും രുചിയും തിരിച്ചറിയുന്നതിനുള്ള നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് കാണിക്കുന്നത്.

വേണം മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കില്‍ കേന്ദ്രം

ന്യൂറോ-റിഹാബിലിറ്റേഷന്‍ സ്പെഷ്യലിസ്റ്റുകളും ന്യൂറോളജിസ്റ്റുകളും ഉള്‍പ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കില്‍ കേന്ദ്രമായിരിക്കണം ലോംഗ് കോവിഡ് രോഗികളെ കൈകാര്യം ചെയ്യേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധി ഡോക്ടര്‍മാരോടൊപ്പം, ഒരു കൂട്ടം മനശാസ്ത്രജ്ഞരും അവിടെയുണ്ടാകണം.

സ്വന്തം പ്രദേശത്തെ രോഗികളെ നോക്കാന്‍ ലോക്കല്‍ ഡോക്ടര്‍മാരുടെ ഒരു ശൃംഖല ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു. ലോംഗ് കോവിഡ് പരിപാലനത്തില്‍ ജിപിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രൊഫസര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വ്യായാമവും നന്ന്

ലോംഗ് കോവിഡ് രോഗികള്‍ കൂടുതല്‍ വ്യായാമം ചെയ്യണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. കഠിനമായി പരിശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്താല്‍ രോഗമുക്തി സാധ്യമാകും. ലോംഗ് കോവിഡിനുള്ള നിലവിലെ പരിചരണ മാതൃക പര്യാപ്തമല്ലെന്നും ഇത് രോഗികളെ നിരാശരാക്കുകയാണെന്നും പ്രൊഫസര്‍ പറഞ്ഞു.

Comments are closed.