head1
head 3
head2

അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്നതിന് വിസ നിര്‍ബന്ധിതമാക്കി സര്‍ക്കാര്‍ തീരുമാനം; ഉക്രൈയ്ന് ഇളവ്

ഡബ്ലിന്‍ : ഉക്രൈയ്ന്‍ ഒഴികെയുള്ള 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്നതിന് വിസ നിര്‍ബന്ധിതമാക്കി സര്‍ക്കാര്‍ തീരുമാനം. കൗണ്‍സില്‍ ഓഫ് യൂറോപ്പ് കരാറില്‍ നിന്നും അയര്‍ലണ്ട് പിന്മാറിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം വന്നത്. ഇതനുസരിച്ച് ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പദവി ലഭിച്ചവരും അല്ലാത്തവരുമായ ആളുകള്‍ക്ക് ഇനി മുതല്‍ അയര്‍ലണ്ടില്‍ പ്രവേശിക്കുന്നതിന് വിസയ്ക്ക് അപേക്ഷിക്കേണ്ടി വരും. ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഉക്രൈയ്നിനെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ഉക്രൈയ്നികള്‍ക്ക് അയര്‍ലണ്ടിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്റ്, ജര്‍മ്മനി, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലിച്ചെന്‍സ്റ്റീന്‍, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക്, സ്പെയിന്‍, സ്വീഡന്‍ (സ്വിറ്റ്സര്‍ലന്റ്) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് അയര്‍ലണ്ട് വിസ നിര്‍ബന്ധമാക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ഥി പദവിയുള്ളവര്‍ അയര്‍ലണ്ടിലെത്തി വീണ്ടും റഫ്യൂജി സ്റ്റാറ്റസിന് അപേക്ഷിക്കുന്നതിനെ തുടര്‍ന്നാണ് ഈ മന്ത്രിസഭാ തീരുമാനം വന്നത്. കഴിഞ്ഞ ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 760 പേര്‍ അയര്‍ലണ്ടിലും അപേക്ഷ നല്‍കിയതായി വ്യക്തമായി തെളിഞ്ഞിരുന്നു.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ്, അടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നും യൂറോപ്പ്യന്‍ വന്‍കരയിലെ മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥി സ്ഥാനം നേടിയ ശേഷം അയര്‍ലണ്ടിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ആയിരക്കണക്കിന് പേര്‍ എത്തിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ചില വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷ കാലത്തുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് പിന്നില്‍ ഇത്തരമൊരു ‘ലൈസന്‍സില്ലാത്ത നടപടിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതാണ് പെട്ടന്നുള്ള നടപടിക്ക് പിന്നില്‍’ എന്നാണ് പറയപ്പെടുന്നത്.

രാജ്യത്ത് പ്രവേശിച്ച ശേഷം ഒളിവില്‍ പോകുന്ന ഇവര്‍ മൂന്നോ നാലോ വര്‍ഷം രഹസ്യ ജീവിതം നയിച്ച ശേഷമാവും പരസ്യമായി അയര്‍ലണ്ടിലെ അഭയാര്‍ത്ഥി സ്റ്റാറ്റസിന് അപേക്ഷിക്കുന്നത്. ഇക്കാലമത്രയും അവരെ സംരക്ഷിക്കുന്നതിനും, സൗകര്യമൊരുക്കുന്നതിനും ചില സംഘടനകള്‍ തന്നെ രംഗത്തുണ്ട്.

അഭയാര്‍ഥി സംവിധാനത്തിലെ സമ്മര്‍ദങ്ങളും റഫ്യൂജികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിലെ പ്രശ്നങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഉക്രൈയ്ന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ അയര്‍ലണ്ടിന് കഴിയുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

കരാര്‍ ദുരുപയോഗത്തിന് തെളിവുകളെന്ന് മന്ത്രി

കൗണ്‍സില്‍ ഓഫ് യൂറോപ്പ് കരാര്‍ ദുരുപയോഗം ചെയ്യുന്നതിന് തെളിവുകളുണ്ടെന്ന് ജസ്റ്റീസ് മന്ത്രി ഹെലന്‍ മക് എന്‍ഡീ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൗണ്‍സില്‍ ഓഫ് യൂറോപ്പ് ഉടമ്പടി പ്രകാരമുള്ള വിസാ ഇളവുകള്‍ ചൂഷണം ചെയ്യുകയാണ്. ഈ വിസയിലൂടെ രാജ്യത്ത് പ്രവേശിച്ച് ഇന്റര്‍ നാഷണല്‍ പ്രൊട്ടക്ഷന്‍ അവകാശപ്പെടുന്നു. മറ്റ് രാജ്യങ്ങളിലും ഇവര്‍ ഇതുപോലെ അപേക്ഷ നല്‍കുന്നു. അത് ദോഷകരമാകുമെന്നതിനാലാണ് ഈ എഗ്രിമെന്റില്‍ നിന്നും ഒഴിവാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സ്ഥിതി അവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഉക്രൈയ്ന്‍കാരെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു. കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ മറ്റ് അംഗരാജ്യങ്ങളും സമാനമായ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോവനേ പറഞ്ഞു.

Comments are closed.