head1
head2
head 3

ലൈസന്‍സ് ഫീസില്‍ നോക്കിയയ്ക്ക് അനുകൂല കോടതി വിധി; ജര്‍മ്മനിയുടെ ഫോണ്‍ വില്‍പന നിരോധനത്തിന് പിന്നാലെ മറ്റ് ഇയു രാജ്യങ്ങളും ഇത് പിന്തുടരുമെന്ന് സൂചനകള്‍

ബര്‍ളിന്‍ : പേറ്റന്റ് തര്‍ക്കത്തെ തുടര്‍ന്ന് ഓപ്പോ, വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന ജര്‍മ്മനി നിരോധിച്ചു. ഫിന്നിഷ് ടെക്‌നോളജി കമ്പനിയായ നോക്കിയയുമായുള്ള പേറ്റന്റ് തര്‍ക്കമാണ് വിലക്കിന് കാരണമായത്. യുകെ, നെതര്‍ലാന്‍ഡ്‌സ്, സ്പെയിന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ ബി ബി കെ ഗ്രൂപ്പിനെതിരെയും നോക്കിയ കേസിലാണ്.

ആദ്യകാല മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ നോക്കിയയ്ക്ക് അതിന്റെ കിറ്റിയില്‍ ടണ്‍ കണക്കിന് പേറ്റന്റുകളുണ്ട്. ഇതാണ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. ഇതു സംബന്ധിച്ച കേസില്‍ ഈ വര്‍ഷം ജൂലൈ ആദ്യം, ജര്‍മ്മനിയിലെ മാന്‍ഹൈം ഡിസ്ട്രിക്റ്റ് കോടതി നോക്കിയയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ കോടതി വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഓപ്പോ, വണ്‍ പ്ലസ് കമ്പനികള്‍ തയ്യാറാകാത്തതിനാലാണ് ഫോണ്‍ വില്‍പ്പന നിലയ്ക്കുന്നത്. ഇപ്പോള്‍ റി ടെയ്ലര്‍മാരുടെ പക്കല്‍ നിലവിലുള്ള സ്റ്റോക്കല്ലാതെ പുതിയതായി സ്റ്റോക്ക് ഇനി ഇവിടങ്ങളിലെത്തില്ല.

5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഓപ്പോ, വണ്‍ പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധുവായ ലൈസന്‍സുകള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ലൈസന്‍സ് ഫീസിന്റെ കാര്യത്തില്‍ നോക്കിയയുമായി ഒത്തുതീര്‍പ്പിലെത്താന്‍ കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഓഗസ്റ്റ് അഞ്ചു വരെ സമയവും അനുവദിച്ചു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായില്ല. ഇതേ തുടര്‍ന്നാണ് ഇരു ഫോണുകളുടെയും വില്‍പ്പന നിരോധിക്കേണ്ടി വന്നത്. ഇരു കമ്പനികളുടെയും വെബ്സൈറ്റുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വില്‍ക്കുന്ന ഓരോ സ്മാര്‍ട്ട്‌ഫോണിനും ലൈസന്‍സിംഗ് ഫീസിന് 2.50 യൂറോ ചെലവാകും. ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നാണ് ഫോണ്‍ കമ്പനികളുടെ വാദം. ലഭിക്കേണ്ട മാര്‍ജിന്‍ കുറയ്ക്കുന്നതാണെന്നും ഇവ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കാനായി ഫോണുകളുടെ വില ഉയര്‍ത്തേണ്ടി വരും. ഇത് വിപണിയില്‍ തിരിച്ചടിയാകും. അതിനാലാണ് ലൈസന്‍സ് ഫീസിന്റെ കാര്യത്തില്‍ ധാരണയെത്താത്തതെന്നും ഇവര്‍ വിശദീകരിക്കുന്നു.

Comments are closed.