head 3
head2
head1

ഡെന്‍മാര്‍ക്കിലെ അഫ്ഗാന്‍, സിറിയന്‍ അഭയാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്കിലെ അഫ്ഗാന്‍, സിറിയന്‍ അഭയാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലെന്ന് തീര്‍ച്ചയാവുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ രാജ്യം ഏറ്റെടുത്തതിനെ തുടര്‍ന്ന് 956 അഫ്ഗാനികളെ ഡെന്മാര്‍ക്ക് കാബൂളില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സ്‌കാന്ഡിനേവിയന്‍ രാജ്യത്ത് രണ്ട് വര്‍ഷത്തേക്ക് മാത്രമേ തങ്ങളുടെ അഭയം ഉറപ്പ് നല്‍കൂ എന്ന് മനസിലാക്കിയ അഫ്ഗാന്‍ ജനത അനിശ്ചിതത്വത്തിലായിരിക്കുകയാണ്. .
ഡമാസ്‌കസിലേക്ക് മടങ്ങുന്നത് സുരക്ഷിതമാണെന്ന് അടുത്തിടെ നൂറോളം സിറിയന്‍ അഭയാര്‍ത്ഥികളെ അറിയിച്ചിരുന്നു. ഭാര്യയോടും അഞ്ച് മക്കളോടുമൊപ്പം കാബൂളില്‍ കഴിഞ്ഞിരുന്ന നാറ്റോയുടെയും യു എസ് സേനയുടെയും ദ്വിഭാഷിയായി പ്രവര്‍ത്തിച്ച അഹമ്മദ് ഖലീല്‍ തന്റെ സുരക്ഷിത താവളമായി അമേരിക്കയെക്കാള്‍ ഡെന്മാര്‍ക്ക് തിരഞ്ഞെടുത്തതില്‍ ഖേദമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഡെന്മാര്‍ക്കില്‍ തങ്ങള്‍ക്ക് സ്ഥിരതാമസാവകാശം തരുമെന്നാണ് കരുതിയിരുന്നതെന്നും താലിബാനില്‍ നിന്ന് മാത്രമല്ല ഐസിസിന്റെ പ്രാദേശിക ഗ്രൂപ്പായ ഐ എസ ഐ എല്‍ ഇല്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ തന്റെ സഹോദരന്‍ പോലും തന്റെ ജോലി കാരണം ഒളിച്ചിരിക്കുകയാണെന്നും ബഷീര്‍ അഹമ്മദ് ഖലീല്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ജൂട്ട്‌ലാന്‍ഡ് മേഖലയിലെ ഹോള്‍സ്റ്റീബ്രോയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഖലീലും കുടുംബവും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ്. രാജ്യത്തെ അഭയാര്‍ത്ഥി നയങ്ങളില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് ഡെന്മാര്‍ക്കിലെ അഭയാര്‍ത്ഥികള്‍ക്ക് നിയമോപദേശം നല്‍കുന്ന മാനുഷിക സംഘടനയായ റെഫ്യുജി വെല്‍ക്കമിന്റെ ചെയര്‍വുമണും സ്ഥാപകയുമായ മിഖാല ബെന്‍ഡിക്‌സണ്‍ അല്‍ ജസീറയോട് പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ രാജ്യത്തെ സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ പറയാനാവുമെന്നും മിഖാല കൂട്ടിച്ചേര്‍ത്തു. 2021ല്‍ 17 പൗരന്മാര്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയതായി ഡാനിഷ് റിട്ടേണ്‍ ഏജന്‍സി അറിയിച്ചു. അഫ്ഗാന്‍ അഭയാര്‍ഥികളുടെ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുമെന്നും നമ്മുടെ സമൂഹത്തില്‍ അവര്‍ക്ക് നല്ല തുടക്കമുണ്ടെന്ന് ഉറപ്പാക്കുമെന്നും ഡെന്മാര്‍ക്ക് ഇമ്മിഗ്രേഷന്‍ മന്ത്രി മട്യാസ് ടെസ്ഫെ അറിയിച്ചു.

ഭയത്തില്‍ ജീവിക്കുന്ന സിറിയക്കാര്‍

ഡെന്മാര്‍ക്കില്‍ ജീവിക്കാനുള്ള അവകാശം റദ്ദ് ചെയ്യപ്പെട്ട നൂറോളം സിറിയന്‍ കുടുംബങ്ങളില്‍പ്പെട്ട ഒരാളാണ് 19 വയസുകാരിയായ സാറാ അല്‍ദിരി. ഡെന്മാര്‍ക്കില്‍ തുടരാനാവില്ലെന്ന ഇ-മെയില്‍ ആദ്യം കാണുന്നത് താനാണെന്നും ജന്മനാടായ സിറിയയില്‍ തനിക്ക് ഓര്‍മ്മിക്കാന്‍ ഒന്നുമില്ലെന്നും 12 വയസില്‍ ഡെന്മാര്‍ക്കിലെത്തിയ അല്‍ദിരി അല്‍ ജസീറയോട് പറഞ്ഞു.

ഐസിസിന്റെയും ഭരണകൂടത്തിന്റെയും ഭീഷണി നേരിട്ട ഒരു അഭിഭാഷകനായിരുന്നു തന്റെ അച്ഛന്‍ എന്നും ഡെന്മാര്‍ക്കില്‍ തുടരാനുള്ള അപ്പീല്‍ നഷ്ടപ്പെട്ടാല്‍ കുടുംബം ജര്‍മനിയില്‍ അഭയം തേടുമെന്നും അല്‍ദിരി പറഞ്ഞു. എന്നാല്‍ ഡമാസ്‌കസ് സുരക്ഷിതമാണെന്ന ഡാനിഷ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. 2019 മുതല്‍ ആളൊന്നിന് 30,000 ഡോളര്‍ ചിലവഴിച്ച് 390 സിറിയക്കാര്‍ സ്വമേധയാ മടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ഡമാസ്‌കസിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെപ്പറ്റി ഫിന്‍ജാന്‍ സംഘടനയുടെ നടത്തിപ്പുകാരനായ അസെം സൈ്വദ് ആരോപണം നടത്തിയെങ്കിലും ഇതിനോട് ഡാനിഷ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി മെച്ചപ്പെടുന്നത് സംരക്ഷണം അവസാനിപ്പിക്കുന്നതിന്റെ ന്യായീകരണമാവില്ല എന്ന് എന്‍ എച്ച് സി ആര്‍ വക്താവ് അല്‍ ജസീറയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ആവശ്യമെങ്കില്‍ സംരക്ഷണം നിയമപരമായ മാര്‍ഗങ്ങളിലൂടെ അഭയാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുമെന്നാണ് ഇമ്മിഗ്രേഷന്‍ മന്ത്രാലയത്തിന്റെ നിലപാട്. കുടിയേറ്റ പാതകളിലെ മനുഷ്യക്കടത്ത് തടയുക എന്നതാണ് ആശയമെന്ന് ടെസ്ഫെ പ്രസ്താവനയില്‍ പറഞ്ഞു.

2014 മുതല്‍ 22,000 -ലധികം ആളുകളാണ് യൂറോപ്പിലേക്ക് മെഡിറ്ററേനിയന്‍ കടക്കുന്നതിനിടെ മരണപ്പെട്ടത് . ഒരു അതിര്‍ത്തിയില്‍ അഭയ അഭ്യര്‍ത്ഥന അവതരിപ്പിക്കുമ്പോള്‍ താല്‍ക്കാലിക അടിസ്ഥാനത്തിലെങ്കിലും അഭയം നല്‍കണമെന്നും അല്ലാത്തപക്ഷം അഭയമ തേടാനുള്ള അവകാശം അര്‍ത്ഥ ശൂന്യമാണെന്നും യു എന്‍ എച്ച് സി ആര്‍ ആരോപണമുയര്‍ത്തി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.