head 3
head1
head2

ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍സെമ്പിള്‍സ് സഖ്യത്തിന് മേല്‍ക്കൈ

പാരീസ് : ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍സെമ്പിള്‍സ് സഖ്യത്തിന് മേല്‍ക്കൈ ലഭിച്ചേക്കുമെന്ന് എക്സിറ്റ് പോള്‍. 577 സീറ്റുകളുള്ള പാര്‍ലമെന്റില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ജൂണ്‍ 19ന് നടക്കുന്ന അവസാനത്തെ റൗണ്ടിലാകും അന്തിമ ഫലം പുറത്തുവരിക. ഏപ്രിലില്‍ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ രണ്ടാം വട്ടവും വിജയിച്ചതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് സാധ്യത കൈവന്നത്.

ജീന്‍ ലൂക്ക് മെലങ്കോണിന്റെ നേതൃത്വത്തില്‍ ലാ ഫ്രാന്‍സ് ഇന്‍സൗമിസ്, സോഷ്യലിസ്റ്റ്, ഗ്രീന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ട ഇടതുസഖ്യമായ ന്യൂപ്സ് ആണ് രണ്ടാം സ്ഥാനത്ത്. കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്.

ഏപ്രിലില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിനോട് തോറ്റ മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷവും ദേശീയവാദിയുമായ റാസ്സെംബ്ലമെന്റ് 10-25 സീറ്റുകളോടെ 19% വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ എട്ടു സീറ്റുകളാണ് ഇവര്‍ക്കുള്ളത്. എന്‍സെംബിളിന് 255നും 310നുമിടയിലും ന്യൂപ്സിന് 150നും 220നും ഇടയിലും സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂരിപക്ഷം നേടുമെന്ന് എന്‍സെംബിള്‍ പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറയുമ്പോള്‍, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും എന്‍സെംബിള്‍ പൊളിയുമെന്നുമാണ് മെലങ്കോണിന്റെ അവകാശവാദം.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ് ശതമാനമാണുള്ളത്. അന്തിമ പോളിംഗ് ഏകദേശം 47% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 6,293 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഒരു മണ്ഡലത്തില്‍ ശരാശരി 11 സ്ഥാനാര്‍ത്ഥികളാണുള്ളത്. 3,514 പുരുഷന്മാരും 2,779 സ്ത്രീകളുമാണ് മല്‍സരരംഗത്തുള്ളത്.

Comments are closed.