head 3
head1
head2

വരള്‍ച്ചയും, കൊടുങ്കാറ്റും; ഇറ്റലിയിലെയും ഫ്രാന്‍സിലെയും കാര്‍ഷിക മേഖലയില്‍ വന്‍ നഷ്ടം

റോം: മോശം കാലാവസ്ഥമൂലം ഇറ്റലിയിലെയും, ഫ്രാന്‍സിലെയും കാര്‍ഷിക മേഖലയില്‍ വന്‍ നഷ്ടം. കടുത്ത വരള്‍ച്ച ഇറ്റലിയിലെ കൃഷിയിടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഈ വാരാന്ത്യത്തിലുണ്ടായ ശക്തമായ കാറ്റും, ആലിപ്പഴ വീഴ്ചയുമാണ് ഫ്രാന്‍സില്‍ തിരിച്ചടിയായത്.

വടക്കന്‍ ഇറ്റാലിയന്‍ റീജിയണുകളായ Piedmont, Valle d’Aosta, Trentino Alto Adige എന്നിവിടങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായെങ്കിലും വരള്‍ച്ച തന്നെയാണ് ഈ മേഖലയിലെ കര്‍ഷകരുടെ പ്രധാന ആശങ്ക. വരും ആഴ്ചകളിലും രാജ്യത്തുടനീളം കനത്ത ചൂട് തുടരുമെന്നാണ് ഇറ്റാലിയന്‍ കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

2022 ല്‍ ഇതുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്ത് ലഭിക്കേണ്ടിയിരുന്ന സ്വാഭാവിക മഴയുടെ പകുതി പോലും ഇതുവരെ ലഭ്യമായിട്ടില്ല എന്ന് ഇറ്റാലിയന്‍ അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനായ Coldiretti അറിയിച്ചു. സംഘടനയുടെ കണക്ക് പ്രകാരം കാര്‍ഷിക മേഖലയിലെ ഉത്പാദനനഷ്ടടം ഏകദേശം ഒരു ബില്യണ്‍ യൂറോയോണ്. Po Valley യിലെ കര്‍ഷകരെയാണ് കാലാവസ്ഥയിലെ മാറ്റം ഏറ്റവും മോശമായി ബാധിച്ചതെന്നും Coldiretti റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറ്റലിയിലെ അരി ഉത്പാദനമാണ് നിലവില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത്. പതിനായിരം ഹെക്ടറിന്റെ നെല്‍കൃഷിയിലാണ് കുറവ് വന്നതെന്ന് Coldiretti പറയുന്നു. ഗോതമ്പ്, ചോളം തുടങ്ങി എല്ലാ ധാന്യവിളകളുടയും ഉത്പാദനത്തില്‍ വലിയ കുറവ് വരുമെന്നാണ് നിലവിലെ കണക്കുകുട്ടലെന്നും Coldiretti പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും മൂലം ഫ്രാന്‍സില്‍ ഗോതമ്പ്, പഴവര്‍ഗ്ഗങ്ങള്‍, എന്നിവയുടെ കൃഷിയിടങ്ങളില്‍ വലിയ നാശമുണ്ടായതായി National Farmers’ Union Federation (FNSEA) അറിയിച്ചു. ചില കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പൂര്‍ണ്ണമായും നശിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ലോകത്തിലെ നാലാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഫ്രാന്‍സിലെ വിളവെടുപ്പ് അടുത്ത് നില്‍ക്കവേയാണ് അപ്രതീക്ഷിത കൃഷി നാശമുണ്ടായത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മൂലം ആഗോള ധാന്യ വിതരണം ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടായ ഈ കൃഷിനാശം ഈ പ്രതിസന്ധികളെ രൂക്ഷമാക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

Comments are closed.