head2
head1
head 3

ഫ്രാന്‍സ് രണ്ടാം ഘട്ട വോട്ടെടുപ്പിന് തയ്യാറെടുക്കുന്നു, മാക്രോണ് ഭീഷണിയുയര്‍ത്തി മാരീന്‍ ലെ പെന്‍

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 24ന്.

ആദ്യവട്ട വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനാകാത്തതിനാലാണു രണ്ടാംഘട്ടം വേണ്ടിവരുന്നത്.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 27.6% വോട്ടുകള്‍ നേടി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ്. അടുത്ത ഘട്ടത്തിലും ജനവിധി അനുകൂലമായാല്‍ 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. അതായത് ജയിച്ചാല്‍ 2002ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍.

രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇമ്മാനുവേല്‍ മാക്രോണും തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മാരീന്‍ ലെ പെന്നും ആണ് വീണ്ടും ഏറ്റുമുട്ടുന്നത്. ആദ്യഘട്ടത്തില്‍ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥിയായ ഴാങ് ലൂക് മെലാന്‍ഷോന്‍ 22 ശതമാനം വോട്ടുനേടി മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാംഘട്ടത്തില്‍ ഇവരുടെ പിന്തുണ മാക്രോണ്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഇമ്മാനുവല്‍ മാക്രോണും മരീന്‍ ലെ പെന്നും നേരിട്ട് ഏറ്റുമുട്ടുന്നതോടെ 2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് വഴിയൊരുങ്ങിയത്. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ആകെ വോട്ടിന്റെ 50 ശതമാനത്തിലേറെ (കേവല ഭൂരിപക്ഷം) ലഭിച്ചാല്‍, ആ സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും എന്നാണു ഫ്രാന്‍സിലെ ചട്ടം. രണ്ടാം റൗണ്ട് ഉണ്ടാകില്ല. എന്നാല്‍, ഇത് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ഫ്രാന്‍സിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. അതിനാല്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. 48.7 ദശലക്ഷം പേര്‍ രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തും. മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. ഇതോടപ്പം ജൂണ്‍ 12 മുതല്‍ 19 വരെ നടക്കുന്ന പാര്‍ലമെന്ററി ഇലക്ഷനും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

റഷ്യ – ഉക്രെയിന്‍ വിഷയത്തില്‍ മദ്ധ്യസ്ഥതയില്‍ മുന്‍നിരയില്‍ മാക്രോണുമുണ്ട്. വൈദ്യുതി വില കുതിച്ചുയരുന്നതും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം 4.87 കോടി വോട്ടര്‍മാരെ കാര്യമായി ബാധിക്കുന്നതുമാണ്.

ഇത് മൂന്നാം തവണയാണ് മരീന്‍ ലെ പെന്‍ (53) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവര്‍ വിജയിക്കുകയാണെങ്കില്‍ ഫ്രഞ്ച് ഭരണത്തില്‍ അടിമുടി മാറ്റത്തിനു വഴിതെളിയും. യൂണിയന്റെ തലേവര തന്നെ മാറ്റപ്പെട്ടേക്കാം. ലെ പെന്‍ എന്ന തീവ്ര വലതുപക്ഷക്കാരിയുടെ ആഗ്രഹം ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വെളിയില്‍ വരണമെന്നാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകളും ഇസ്ലാമിക വിരുദ്ധ നിലപാടുകളും തീവ്ര വലതുപക്ഷ നിലപാടുകളും ആയി മുന്നേറുകയാണ് അവര്‍. വിജയിച്ചാലും നിലവില്‍ എട്ട് സീറ്റുകള്‍ മാത്രമുള്ള അവരുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലെ പെന്നിന്റെ മുന്നിലെ വലിയ വെല്ലുവിളി. 577 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് വലിയ കടമ്പയാകും അവര്‍ക്ക്.

ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇമ്മാനുവല്‍ മാക്രോണ്‍. മുമ്പ് രാജ്യത്തെ ധനകാര്യ മന്ത്രിയായിരുന്നു. 2017 മേയ് മാസത്തില്‍, ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായപ്പോള്‍ 39 വയസായിരുന്നു. 1804-ല്‍ 35-ാം വയസില്‍ നെപ്പോളിയന്‍ ബോണപാര്‍ട്ട് ചക്രവര്‍ത്തിയായതിനു ശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി.

Comments are closed.