head 3
head1
head2

കോവിഡ് ബാധിതരോടും ജോലിയ്ക്കെത്താന്‍ നിര്‍ദ്ദേശം നല്‍കി ഫ്രാന്‍സ്

പാരിസ് : കോവിഡ് വ്യാപന കൊടുമുടിയില്‍ ആശുപത്രികളില്‍ ജീവനക്കാരില്ലാതായതോടെ കോവിഡ് ബാധിതരെയും ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ അനുവദിച്ച് ഫ്രാന്‍സ് സര്‍ക്കാര്‍. ആരോഗ്യ മേഖലയ്ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

യൂറോപ്പില്‍ ഫ്രാന്‍സ് മാത്രമാണ് ഇത്തരത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ നടപ്പാക്കിയത്.

കോവിഡ് ബാധിച്ചവരും എന്നാല്‍ രോഗലക്ഷണങ്ങള്‍ കുറവായവരുമായ ആരോഗ്യ പ്രവര്‍ത്തകരോടാണ് സെല്‍ഫ് ക്വാറന്റൈനില്‍ പോകാതെ രോഗികളെ ചികിത്സിക്കുന്നത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം പരമാവധി പരിമിതപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഭക്ഷണ ഇടവേളകളില്‍ മാത്രമേ ഫേയ്സ് മാസ്‌ക് അഴിച്ചുവെക്കാവൂയെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

ഒമിക്രോണ്‍ വേരിയന്റ് വ്യാപനം ഫ്രാന്‍സിലെ ആരോഗ്യ സംവിധാനത്തെയാകെ അട്ടിമറിക്കുകയാണ്. അതിനെ പ്രതിരോധിക്കാനാണ് ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരോട് ജോലിക്കെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നത്.

മറുവഴിയില്ലാതെ ആശുപത്രികള്‍…

ആശുപത്രികളിലെയും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളിലെയും ജീവനക്കാരുടെ ക്ഷാമം ലഘൂകരിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലാതായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കരുതുന്നു.

ആശുപത്രികള്‍, വയോജന പരിചരണ കേന്ദ്രങ്ങള്‍, ഡോക്ടര്‍മാരുടെ ഓഫീസുകള്‍, മറ്റ് അവശ്യ ആരോഗ്യ സേവനങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലാണ്.

വികലാംഗരെയും മറ്റ് ദുര്‍ബലരായ ആളുകളെയും പരിചരിക്കുന്ന ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ഇളവുകള്‍ ബാധകമാവുക. കോവിഡ് പോസിറ്റീവ് ആയാലും ജോലിയില്‍ തുടരാനുള്ള സാധ്യത തെളിയും. പൂര്‍ണ്ണമായും വാക്സിനെടുത്ത ചുമയോ തുമ്മലോ ഒന്നുമില്ലാത്തവരോടാണ് ജോലിയ്ക്കെത്താന്‍ അനുവദിച്ചിട്ടുള്ളത്.

ഇളവുകള്‍ ആരോഗ്യ മേഖലയ്ക്ക് മാത്രം

ആരോഗ്യ മേഖലയ്ക്ക് പുറത്ത് ഈ ഇളവുകള്‍ നല്‍കിയിട്ടില്ല. ആരോഗ്യ മേഖലയ്ക്ക് വെളിയിലുള്ള കോവിഡ് പോസിറ്റീവുകാര്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷനുണ്ടെങ്കിലും ഇപ്പോഴും കുറഞ്ഞത് അഞ്ച് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമാണ്. ഈ വ്യവസ്ഥ വ്യവസായ മേഖലയുള്‍പ്പടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത് ഫ്രാന്‍സിലാണ്. ഫ്രാന്‍സില്‍ ഇതിനകം 1,23,000 -ത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യകളില്‍ ഒന്നാണിത്.

Comments are closed.