head 3
head1
head2

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍

അണ്ടര്‍-19 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 96 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസിനെതിരെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.

തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് പ്രതീക്ഷ സമ്മാനിച്ചത് നായകന്റെയൂം ഉപനായകന്റെയും മിന്നും പ്രകടനമാണ്. ഷായിക് റഷീദ് – ക്യാപ്റ്റന്‍ യാഷ് ദുള്‍ സഖ്യം 199 പന്തില്‍ 200 റണ്‍സ് എടുത്തു.

നായകന്‍ യാഷ് ധുള്‍ 110 പന്തുകളില്‍ 110 റണ്‍സ് എടുത്ത് റണ്ണൗട്ട് ആകുകയായിരുന്നു. തൊട്ടുപിന്നാലെ റഷീദ് നിസ്‌ബെത്തിന്റെ പന്തില്‍ സിന്‍ഫീല്‍ഡ് പിടിച്ചും പുറത്തായി. 108 പന്തിലായിരുന്നു ഷെയ്ഖിന്റെ 94 റണ്‍സ്. പിന്നാലെ വന്ന ഹാംഗര്‍ഗേക്കറും നിഷാന്തും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തു. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി ഹാംഗരേക്കര്‍ 13 റണ്‍സും നിഷാന്ത് 12 റണ്‍സും ദിനേഷ് നാല് ബോളില്‍ 20 റണ്‍സും ഇന്ത്യന്‍ ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തു. രണ്ടുഫോറും രണ്ടു സിക്‌സറും ദിനേഷിന്റെ ഇന്നിംഗ്‌സില്‍ പറന്നു.

291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് സംഘത്തെ ഇന്ത്യ തുടക്കത്തിലേ ഞെട്ടിച്ചു. ടിഗ്വെ വൈലി (1) രണ്ടാം ഓവറില്‍ തന്നെ പുറത്ത്. 51 റണ്‍സെടുത്ത ലാച്ച്‌ലാന്‍ ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്ക് ഒസ്ത്വാള്‍ ഇന്ത്യയ്ക്കായി തിളങ്ങി. രവി കുമാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിരാട് കോഹ്ലിക്കും ഉന്മുക്ത് ചന്ദിനും ശേഷം അണ്ടര്‍-19 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനാണ് യാഷ് ധുള്‍. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.

Comments are closed.