head2
head1
head 3

വ്യവസായ പ്രമുഖനും ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

വ്യവസായ പ്രമുഖനും ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ജീവന്‍ ടി വിയുടെ മുന്‍ എം ഡിയും, മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ആദ്യകാല ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്ക്, മക്കള്‍: ജൂബി, ജിസ്, ജൂലി

പ്രകൃതിദത്ത റബ്ബറിന്റെ കേന്ദ്രമായ തൊടുപുഴയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ രംഗത്ത് 1975ല്‍ സംരംഭം തുടങ്ങിയ ഐസക് ജോസഫ് ലൂണാര്‍ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനും മാതൃകമ്പനിയായ ലൂണാര്‍ റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററുമായിരുന്നു. വേറിട്ട സംരംഭകന്‍ വിപണിയെ അറിഞ്ഞ്, ഉല്‍പ്പന്നത്തെ അറിഞ്ഞ് സംരംഭം തുടങ്ങൂവെന്ന പൊതുധാരണയെ തിരുത്തിയെഴുതിയ വ്യക്തിത്വമായിരുന്നു ഐസക് ജോസഫ്.

വളറെ ചെറുപ്പത്തില്‍ കൃഷി കാര്യങ്ങള്‍ നോക്കാന്‍ മാതാപിതാക്കള്‍ ചുമതലപ്പെടുത്തിയപ്പോള്‍ ലഭിച്ച നേതൃപാടവവും ”സ്വന്തമായെന്തെങ്കിലും ചെയ്ത് ജീവിക്കാന്‍ നോക്കൂ’ എന്ന പിതാവിന്റെ ഉപദേശവുമാണ് തന്നെ ബിസിനസിലേക്ക് തള്ളിവിട്ടതെന്ന് ഐസക് ജോസഫ് പറയുമായിരുന്നു.

ചെരുപ്പുണ്ടാക്കുന്ന സാങ്കേതിക വിദ്യ അറിയാതെ, വിപണി സാധ്യതകള്‍ അറിയാതെയാണ് തൊടുപുഴയില്‍ ഐസക് ജോസഫ് ഹവായ് ചെരുപ്പ് നിര്‍മാണം ആരംഭിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഐസക് ജോസഫിന്റെ സംരംഭക യാത്ര അത്ര സുഖകരമായിരുന്നില്ല. 1975 ല്‍ അടിയന്തിരാവസ്ഥക്കാലത്ത് തുടക്കമിട്ട സംരംഭം പലവിധ പ്രശ്‌നങ്ങള്‍ കൊണ്ട് പ്രതിസന്ധിയുടെ നിലയില്ലാകയത്തിലൂടെ കടന്നുപോയിട്ടും ”കടിച്ചുപിടിച്ച് നിന്ന് ജയിക്കുക’ എന്ന ലക്ഷ്യം വെച്ച് മുന്നോട്ട് നടക്കുകയായിരുന്നു ഐസക് ജോസഫ്. ആരെയും എതിരിട്ട് നേരിട്ട് വിജയിക്കുക എന്നതായിരുന്നില്ല ലൂണാര്‍ ഐസക്കിന്റെ തന്ത്രം. പകരം സ്‌നേഹത്തിലൂടെ പതുക്കെ അവരുടെ മനസ്സില്‍ കടന്നുകയറുക എന്നതായിരുന്നു.

പാദരക്ഷാ രംഗത്ത് ലൂണാറും അതുതന്നെയാണ് ചെയ്തത്. 1992 വരെ ഹവായ് ചെരുപ്പുകള്‍ മാത്രം ഉല്‍പ്പാദിപ്പിച്ചിരുന്ന ലൂണാര്‍ ഐസക് പിന്നീട് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തി. ബന്ധുക്കളെയും കുടുംബക്കാരെയും മക്കളെയും എല്ലാം ബിസിനസിലെത്തിച്ചു. എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് മികച്ചൊരു പ്രസ്ഥാനം കെട്ടിപ്പടുത്തു. കുടുംബാംഗങ്ങള്‍ നേതൃനിരയിലുള്ളപ്പോള്‍ തന്നെ ലൂണാര്‍ ഗ്രൂപ്പ് പ്രൊഫഷണലായി മുന്നോട്ട് പോകുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത് ഐസക് ജോസഫിന്റെ ദീര്‍ഘവീക്ഷണം കൊണ്ടാണ്. കേരളത്തിലെ കുടുംബ ബിസിനസ് രംഗത്തും ലൂണാര്‍ ഗ്രൂപ്പും ഐസക് ജോസഫും വേറിട്ട മാതൃകകളാണ് സൃഷ്ടിച്ചത്. ‘നിന്റെ നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് നീ ജീവിക്കുക’ എന്ന ബൈബിള്‍ വാചകം എപ്പോഴും ഐസക് ജോസഫ് ആവര്‍ത്തിക്കുമായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആകര്‍ഷകമായ പരസ്യങ്ങള്‍ ഒരുക്കി മലയാളിയുടെ പുതിയ പാദരക്ഷാ സംസ്‌കാരത്തെ ലൂണാറണിയിക്കുന്നതില്‍ അദ്ദേഹം നേടിയ വിജയം ഒരുകാലത്ത് പരക്കെ ശ്രദ്ധേയമായിരുന്നു.

Comments are closed.