head 3
head2
head1

പ്രതികളായ വൈദികരുടെ കേസില്‍ വ്യക്തിപരമായി തെറ്റുപറ്റിയിട്ടില്ലെന്ന് ബെനഡിക്ട് മാര്‍പ്പാപ്പ

വലേറ്റ : ലൈംഗികാതിക്രമ കേസുകളിലുള്‍പ്പെട്ട വൈദികരെ കൈകാര്യം ചെയ്തതില്‍ പിഴവു പറ്റിയതായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായി തെറ്റുകളുണ്ടായിട്ടില്ലെന്നും പ്രത്യേക ഇടപെടലുണ്ടായിട്ടില്ലെന്നും മാര്‍പ്പാപ്പ വിശദീകരിച്ചു.

1945-നും 2019-നും ഇടയില്‍ മ്യൂണിക്ക് അതിരൂപതയില്‍ നടന്ന ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്തതെങ്ങനെയെന്ന് പരിശോധിക്കാന്‍ ജര്‍മ്മന്‍ കത്തോലിക്കാ സഭ നിയോഗിച്ച ജര്‍മ്മന്‍ നിയമ സ്ഥാപനത്തിന്റെ ജനുവരി 20ലെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു 94 കാരനായ ബെനഡിക്റ്റ്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും മുമ്പ് ബെനഡിക്ട് (ജോസഫ് റാറ്റ്സിംഗര്‍) 1977 മുതല്‍ 1982 വരെ അതിരൂപതയുടെ തലവനായിരുന്നു.

കത്തോലിക്കാ സഭയില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ചുമതലയുടെ കാലത്ത് ആ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഭവിച്ച ദുരുപയോഗങ്ങള്‍ക്കും പിശകുകള്‍ക്കും വളരെ വേദനയുണ്ട്. അതാണ് ഏറ്റവും വലുതെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

എന്നാല്‍, ബെനഡിക്റ്റിന്റെ വ്യക്തിപരമായ ക്ഷമാപണവും കുറ്റസമ്മതവും ഈ വിഷയത്തിലുണ്ടാകാത്തത് മറ്റൊരു വിവാദത്തിനും തിരിയിട്ടു. ഇത് ഇരകളെ നിരാശരാക്കാനും ജര്‍മ്മന്‍ ബിഷപ്പുമാരുടെ ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും വഴിതെളിക്കുമെന്ന ആക്ഷേപമാണുയര്‍ന്നത്. വൈദികരുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പതിറ്റാണ്ടുകളായുള്ള ബിഷപ്പുമാരുടെ ഒളിച്ചുകളിയുടെ ഭാഗമാണ് മാര്‍പാപ്പയുടെ ഏറ്റുപറച്ചിലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

Comments are closed.