head1
head2
head 3

ജി-20 ഷെര്‍പ്പ സ്ഥാനത്തേക്ക് മുന്‍ നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്ത്

ന്യൂഡല്‍ഹി: ജി-20 ഷെര്‍പ്പ സ്ഥാനത്തേക്ക് മുന്‍ നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്തിനെ തിരഞ്ഞെടുത്തു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഷെര്‍പ്പ സ്ഥാനം ഒഴിഞ്ഞതോടെയാണ് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അമിതാബ് കാന്ത് തല്‍സ്ഥാനത്തേക്കെത്തുന്നത്.

ഈ വര്‍ഷം ഡിസംബറില്‍ ജി-20 അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കാനിരിക്കെയാണ് അമിതാബ് കാന്ത് ഷെര്‍പ്പ സ്ഥാനത്തേക്കെത്തുന്നെതന്ന പ്രത്യേകതയുമുണ്ട്. അദ്ധ്യക്ഷ രാജ്യമെന്ന നിലയില്‍ ഒരു മുഴുവന്‍ സമയ ഷെര്‍പ്പ ആവശ്യമാണെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിരവധി കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുക എന്ന ഉത്തരവാദിത്തം ഷെര്‍പ്പയ്ക്കുണ്ട്.

2016 ലായിരുന്നു നീതി ആയോഗ് സി.ഇ.ഒ സ്ഥാനത്തേക്ക് അമിതാബ് കാന്ത് എത്തുന്നത്. ആറ് വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ജൂണ്‍ 30 ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. തലശ്ശേരി സബ് കളക്ടറായി സിവില്‍ സര്‍വ്വീസ് സേവനം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, കേരള ടൂറിസം സെക്രട്ടറി, കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ എം.ഡി തുടങ്ങിയ സ്ഥാനങ്ങള്‍ കേരളത്തില്‍ വഹിച്ചിട്ടുണ്ട്.

Sherpa track, Finance track എന്നീ രണ്ട് രീതികളിലാണ് ജി-20 നടപടികള്‍ പുരോഗമിക്കുക. ഷെര്‍പ്പ ട്രാക്കിന് കീഴില്‍ തൊഴില്‍, ആരോഗ്യം, ഡിജിറ്റല്‍ ഇക്കോണമി, വ്യാപാരം, വ്യവസായ നിക്ഷേപങ്ങള്‍, കാലാവസ്ഥ-പരിസ്ഥിതി, ഊര്‍ജ്ജം,അഴിമതി വിരുദ്ധത, കൃഷി, സംസ്‌കാരം, ടൂറിസം, സാമൂഹിക-സാമ്പത്തിക വികസനം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ നൂറോളം യോഗങ്ങളാണ് നടക്കുക. ഫിനാന്‍സ് ട്രാക്കില്‍ നാല്‍പതോളം യോഗങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments are closed.