head2
head 3
head1

എയര്‍ ഇന്ത്യയെ നയിക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍

എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐസിയെ നിയമിച്ചു. ഏപ്രില്‍ ആദ്യം അദ്ദേഹം ചുമതലയേല്‍ക്കും. എയര്‍ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റ ഗ്രൂപ്പ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രത്യേക ക്ഷണിതാവായിരുന്ന എയര്‍ ഇന്ത്യ ബോര്‍ഡ് യോഗത്തിലാണ് ഇല്‍ക്കര്‍ ഐസിയുടെ നിയമനം അംഗീകരിച്ചത്. കഴിഞ്ഞ മാസമാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തത്. ഇന്ത്യയുടെ ഫ്‌ലാഗ് കാരിയര്‍ എയര്‍ലൈനിനെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ പ്രവാസി മേധാവിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഗ്രൂപ്പ്.

”ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ അതിന്റെ നിലവിലെ വിജയത്തിലേക്ക് നയിച്ച ഒരു വ്യോമയാന വ്യവസായ പ്രമുഖനാണ് ഇല്‍ക്കര്‍. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന ടാറ്റ ഗ്രൂപ്പിലേക്ക് ഇല്‍ക്കറെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

1971-ല്‍ ഇസ്താംബൂളിലാണ് ഇല്‍ക്കര്‍ അയ്സി ജനിച്ചത്. ബില്‍കെന്റ് യൂണിവേഴ്സിറ്റിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ (1994) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1995-ല്‍ യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തിയ ശേഷം, 1997-ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാം പൂര്‍ത്തിയാക്കി.

എയര്‍ ഇന്ത്യയുടെ പുതിയ ബോര്‍ഡിനെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തന്നെ നയിക്കാനാണ് സാധ്യത. നിലവില്‍, ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ഏഷ്യ ഇന്ത്യ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Comments are closed.