head1
head 3
head2

ലോകം ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയില്‍; പ്രതിസന്ധി ഭയന്ന് കയറ്റുമതി ഒഴിവാക്കി രാജ്യങ്ങള്‍

ഡബ്ലിന്‍ : റക്ഷ്യയുടെ ഉക്രെയ്ന്‍ ആക്രമണം ലോകത്തെമ്പാടും ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ കെടുതികള്‍ ആത്യന്തികമായി എത്തുന്നത് ഭക്ഷ്യക്ഷാമത്തിലേയ്ക്ക് തന്നെയാണെന്നാണ് സ്ഥിതിഗതികള്‍ നല്‍കുന്ന സൂചന. ഉക്രൈയ്നിലെ സംഘര്‍ഷം ആഗോള ധാന്യ ഉല്‍പ്പാദനത്തെയും ഭക്ഷ്യ എണ്ണകളുടെയും വളം കയറ്റുമതിയെയുമെല്ലാം ബാധിച്ചിട്ടുണ്ട്. ഇവയുടെ വിലകളും റോക്കറ്റ് പോലെ കുതിയ്ക്കുകയാണ്. ക്ഷാമവും പ്രതിസന്ധിയും മുന്നില്‍ക്കണ്ട് ഭക്ഷ്യോല്‍പ്പാദകരും വിതരണക്കാരുമായ രാജ്യങ്ങള്‍ കയറ്റുമതി പരിമിതപ്പെടുത്തുകയാണ്. ഇത് മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

ഫെബ്രുവരിയില്‍ ലോക ഭക്ഷ്യ വിലകള്‍ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജന്‍സിയുടെ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം 20.7% വര്‍ദ്ധനവാണ് ഇതിലുണ്ടാകാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അതിനെയൊക്കെ മറികടന്നു.

പ്രതിസന്ധി ഭയന്ന് കയറ്റുമതി ഒഴിവാക്കി രാജ്യങ്ങള്‍

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഗോതമ്പ്, ധാന്യം, മൈദ, പാചക എണ്ണ എന്നിവയുടെ കയറ്റുമതി ഇന്നു മുതല്‍ നിരോധിക്കുമെന്ന് സെര്‍ബിയ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹംഗറി കഴിഞ്ഞ ആഴ്ച എല്ലാ ധാന്യ കയറ്റുമതിയും നിരോധിച്ചു. ബള്‍ഗേറിയയും ധാന്യശേഖരം വര്‍ദ്ധിപ്പിക്കുമെന്നും കയറ്റുമതി നിയന്ത്രിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ നിയന്ത്രിച്ചിട്ടില്ലെങ്കിലും പ്രധാന കയറ്റുമതിക്കാരായ റൊമാനിയയിലെ ധാന്യ വിതരണം കര്‍ശനമാക്കിയിട്ടുണ്ട്.

അതുപോലെ രാസവളങ്ങളുടെ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് ആഗോള ധാന്യ ഉല്‍പ്പാദനം കുറയ്ക്കുന്നതിനിടയാക്കും. ഇറ്റലിയിലും ഫ്രാന്‍സിലും അമോണിയ, യൂറിയ എന്നിവയുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ വളം നിര്‍മ്മാതാക്കളിലൊരാളായ യാര പറഞ്ഞു. റഷ്യയാണ് രാസവളങ്ങളുടെ പ്രധാന വിതരണക്കാര്‍. എന്നാല്‍ റക്ഷ്യ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

പാം ഓയില്‍ നിയന്ത്രിച്ച് ഇന്തോനേഷ്യ

പാം ഓയില്‍ കയറ്റുമതിയില്‍ ഇന്തോനേഷ്യ നിയന്ത്രണം ശക്തമാക്കിയതൊക്കെ ഇതിന്റെ പ്രതിഫലനമായാണ് വിയിരുത്തപ്പെടുന്നത്. രാജ്യത്തെ പാചക എണ്ണയുടെ വില താങ്ങാനാവുന്ന തരത്തില്‍ നിലനിര്‍ത്താനാണ് കയറ്റുമതി നിയന്ത്രിച്ചതെന്ന വിശദീകരണമാണ് ഇന്തോനേഷ്യന്‍ വ്യാപാര മന്ത്രി നല്‍കിയിട്ടുള്ളതെന്നതും ഇവിടെ പ്രസക്തമാകുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സസ്യ എണ്ണയാണ്പാം ഓയില്‍. ബിസ്‌കറ്റ്, ലോണ്‍ട്രി ഡിറ്റര്‍ജന്റുകള്‍, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയെല്ലാം നിര്‍മ്മാണത്തില്‍ ഇതുപയോഗിക്കുന്നു. പാമോയില്‍ വില ഇതിനകം തന്നെ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

എണ്ണ, ഗോതമ്പു രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുമ്പോള്‍

ആഗോള ഗോതമ്പ് കയറ്റുമതിയുടെ 30% സംഭാവന ചെയ്യുന്ന റഷ്യയും ഉക്രൈയ്നുമാണ് ഭക്ഷ്യ എണ്ണകളുടെ പ്രധാന വിതരണക്കാരും. ബാര്‍ളി, പഞ്ചസാര, മാംസം എന്നിവയുടെ കയറ്റുമതി വര്‍ഷാവസാനം വരെ ഉക്രെയ്ന്‍ നിരോധിച്ചു. പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധനവും പല ഉല്‍പ്പന്നങ്ങളുടെയും പ്രധാന ഘടകങ്ങളായ വളത്തിന്റെ ഉയര്‍ന്നവിലയും ചുരുങ്ങിയ സപ്ലൈയുമെല്ലാം വിളവെടുപ്പിനെയും അപകടത്തിലാക്കുന്നു.

സൂര്യകാന്തി എണ്ണയുടെ പ്രധാന നിര്‍മ്മാതാക്കളും റഷ്യയും ഉക്രൈയ്‌നുമാണ്. ആഗോള കയറ്റുമതിയുടെ 80%വും ഈ രണ്ട് രാജ്യങ്ങളുടെ വകയാണ്. ഇവയുടെ ക്ഷാമം ഇന്ത്യയെപ്പോലുള്ള ഉപഭോക്തൃ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്. പാം ഓയില്‍, സോയാ ബീന്‍ ഓയില്‍ തുടങ്ങിയവയുടെ ബദലുകള്‍ക്കായി ഇപ്പോള്‍ത്തന്നെ ഈ രാജ്യങ്ങള്‍ പരക്കം പായുകയാണ്. സോയാബീന്‍ എണ്ണയുടെ വില ഈ വര്‍ഷം ഏകദേശം 40%മാണ് ഉയര്‍ന്നത്.

ചൈനയും യുഎസും ഗോതമ്പും

ഈ വര്‍ഷം ഇതുവരെ ചിക്കാഗോ ഗോതമ്പിന്റെ വില ഏകദേശം 60% ഉയര്‍ന്നു. ഇത് ബ്രെഡ് പോലുള്ള പ്രധാന ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

ഉക്രെയ്നിലെയും റഷ്യയിലെയും രണ്ട് പ്രധാന കയറ്റുമതിക്കാര്‍ കളം താല്‍ക്കാലികമായി വിടുമ്പോള്‍ ലോകത്തെ മുന്‍നിര ഉല്‍പ്പാദകരായ ചൈനയ്ക്ക് അത് മുതലെടുക്കാനാവാത്ത സ്ഥിതിയുമുണ്ട്. ഇത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഗോതമ്പ് ഉല്‍പ്പാദനം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് അവിടുത്തെ കൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ സാഹചര്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും ഗുണകരമല്ല.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.