head2
head1
head 3

വേള്‍ഡ് ഹാപ്പിനെസ് പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത്

ബ്രസല്‍സ് : ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമേതാണ്? ഒരു സംശയവും വേണ്ട അത് ഫിന്‍ലന്‍ഡാണ്. തുടര്‍ച്ചയായി അഞ്ചാം തവണയും ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ് ഫിന്‍ലാന്‍ഡ്.

യുഎന്നിന്റെ പത്താമത് വേള്‍ഡ് ഹാപ്പിനെസ് ടേബിളാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത് എന്നതിനാല്‍ സംശയത്തിന്റെയും കാര്യമില്ല.

ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണത്തിന് മുമ്പ് തയ്യാറാക്കിയതാണ് ഈ പട്ടിക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും അസന്തുഷ്ട രാജ്യമായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് തൊട്ടുപിന്നില്‍ ലെബനനും വെനസ്വേലയുമുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ ഡാറ്റകളുടെയും സന്തോഷത്തെക്കുറിച്ചുള്ള ആളുകളുടെ സ്വയം വിലയിരുത്തലിനെയും അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്. മൂന്ന് വര്‍ഷത്തെ കാലയളവിലെ ശരാശരി ഡാറ്റകളെ അടിസ്ഥാനമാക്കി, പൂജ്യം മുതല്‍ 10 വരെയുള്ള സ്‌കെയിലിലൂടെയാണ് ഹാപ്പിനെസിന്റെ സ്‌കോര്‍ എടുക്കുന്നത്.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനങ്ങളിലുള്ളത്. ഫിന്‍ലന്റിനെ പിന്തുടര്‍ന്ന് ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ഐസ്ലാന്‍ഡ് സ്വിസ്, ഡച്ച് എന്നിവയും തൊട്ടുപിന്നിലുണ്ട്.

നില മെച്ചപ്പെടുത്തി അയര്‍ലണ്ടും

അയര്‍ലണ്ട് സന്തോഷത്തില്‍ നില മെച്ചപ്പെടുത്തിയതായി പട്ടിക സൂചിപ്പിക്കുന്നു. രണ്ട് പോയിന്റുകള്‍ കടന്ന് 13ാം സ്ഥാനത്തെത്തിയിരിക്കുകയാണ് അയര്‍ലണ്ട്.

മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അമേരിക്ക 16ാം സ്ഥാനത്ത് ബ്രിട്ടന് തൊട്ടുമുന്നിലെത്തി. ഫ്രാന്‍സ് 20ാം സ്ഥാനത്താണ്. ബള്‍ഗേറിയ, റൊമാനിയ, സെര്‍ബിയ എന്നിവ ക്ഷേമത്തില്‍ വലിയ മുന്നേറ്റം നേടിയതായി പട്ടിക രേഖപ്പെടുത്തുന്നു.

ഓരോ രാജ്യത്തെയും ക്ഷേമം സംബന്ധിച്ച വ്യക്തിഗത ബോധം അടിസ്ഥാനമാക്കിയുള്ള ഗാലപ്പ് പോള്‍, ജിഡിപി മുന്‍നിര്‍ത്തിയുള്ള ഹാപ്പിനസ് സ്‌കോര്‍, സോഷ്യല്‍ സപ്പോര്‍ട്ട്, വ്യക്തിസ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നിവയെല്ലാം കണക്കിലെടുത്താണ് ഹാപ്പിനെസ് പട്ടിക തയ്യാറാക്കുന്നത്.

കോവിഡ് മഹാമാരിക്ക് മുമ്പും ശേഷവും ആളുകളുടെ വികാരങ്ങള്‍ താരതമ്യം ചെയ്യാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഡാറ്റകളും ഉപയോഗിച്ചു. 18 രാജ്യങ്ങള്‍ ഉല്‍ക്കണ്ഠയിലും സങ്കടങ്ങളിലും ശക്തമായ വര്‍ദ്ധനവ് കണ്ടെത്തിയെന്ന് പട്ടികയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കോപപ്രകടനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.

സോഷ്യല്‍ സപ്പോര്‍ട്ടും പരസ്പര സ്നേഹവും സര്‍ക്കാരിന്റെ സത്യസന്ധതയും രാജ്യത്തിന്റെ ക്ഷേമത്തിന് നിര്‍ണായകമാണെന്നതാണ് വര്‍ഷങ്ങളായി വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് നല്‍കുന്ന പാഠമെന്ന് സഹ-രചയിതാവ് ജെഫ്രി സാച്ച്സ് പറയുന്നു.

സന്തോഷപ്പട്ടികയിലെ സങ്കടങ്ങള്‍

സന്തോഷപ്പട്ടികയിലെ ഏറ്റവും വലിയ വീഴ്ച ലെബനന്‍, വെനെസ്വേല, അഫ്ഗാനിസ്ഥാന്‍ എന്നിവയുടേതാണെന്ന് പട്ടിക തുറന്നു പറയുന്നു.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യമായ ലെബനന്‍, രണ്ടാം സ്ഥാനത്തുനിന്നും 145 -ലേക്കാണ് വീണത്. ആകെ 146 രാജ്യങ്ങളുടെ പട്ടികയാണിത്. സിംബാബ്വെ മാത്രമാണ് ലെബനന് തൊട്ടുതാഴെയുള്ളത്.

യുദ്ധഭീതിയിലായ അഫ്ഗാനിസ്ഥാന്‍, കഴിഞ്ഞ വര്‍ഷം തന്നെ പട്ടികയില്‍ താഴെയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് സൈനികരൊഴിഞ്ഞ് പോയതോടെ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. 136-ാമത് ആണ് ഇന്ത്യയുടെ സ്ഥാനം.

ഫിന്‍ലന്‍ഡിനെ കുറിച്ച്…

വിശാല വനങ്ങളും തടാകങ്ങളും ഉള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. നല്ലനിലയിലുള്ള പബ്ലിക് സര്‍വ്വീസുകള്‍ക്കും സര്‍വ്വവ്യാപിയായ നീരാവിക്കുളികള്‍ക്കും, അധികാരികളിലുള്ള ആഴമേറിയ വിശ്വാസത്തിനും, കുറഞ്ഞ അളവിലുള്ള കുറ്റകൃത്യങ്ങള്‍ക്കും അസമത്വത്തിനും പേരുകേട്ടതാണ് ഈ നോര്‍ഡിക് രാജ്യം.

2018 -ലാണ് ആദ്യമായി ഫിന്‍ലാന്റ് ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇതിനെതിരെ ചില കോണുകളില്‍ നിന്നും നീരസമുയര്‍ന്നിരുന്നു. എന്നിരുന്നാലും ഈ പദവിയിലേയ്ക്കെത്താന്‍ അഞ്ച് വര്‍ഷമായി മറ്റ് രാജ്യങ്ങള്‍ക്കൊന്നുമായില്ല.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.