head2
head1
head 3

ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ അനന്തരം ഇന്നറിയാം

ഇറ്റലി പൊതു തിരഞ്ഞെടുപ്പിലേയ്ക്കോ...?

റോം: രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറ്റലി പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നതായി സൂചന. ഒക്ടോബറോടെ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നേരത്തേയുള്ള തിരഞ്ഞെടുപ്പ് ഇറ്റലിയുടെ സാമ്പത്തിക വ്യവസ്ഥയെ ദോകരമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.അതുകൊണ്ടുതന്നെ ഇലക്ഷനെ ഭരണകക്ഷിയില്‍പ്പെട്ട ഒരു പാര്‍ട്ടിയും സ്വാഗതം ചെയ്യുന്നില്ല. എന്നാല്‍ പ്രതിപക്ഷമാകട്ടെ അവസരം മുതലെടുത്ത് ഇലക്ഷനെ നേരിടാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനുള്ള ഡ്രാഗിയുടെ പദ്ധതിയെക്കുറിച്ചുള്ള പാര്‍ലമെന്ററി പ്രമേയത്തിനെതിരെ ഭരണമുന്നണിയിലെ പോപ്പുലിസ്റ്റ് 5-സ്റ്റാര്‍ മൂവ്‌മെന്റ് രംഗത്തുവന്നതോടെയാണ് ഡ്രാഗിയുടെ 18 മാസത്തെ സര്‍ക്കാരിന്റൈ നില പരുങ്ങലിലായത്. തുടര്‍ന്ന് പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജി സമര്‍പ്പിച്ചു.

ഡ്രാഗി മന്ത്രിസഭയുടെ വിധി ഇന്നറിയാം

എന്നാല്‍, പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ഡ്രാഗിയുടെ രാജി സ്വീകരിച്ചില്ല.പകരം രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് യഥാര്‍ഥ ചിത്രം ലഭിക്കുന്നതിന് ഇന്ന് ബുധനാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.എന്നാല്‍ മുന്നണിയില്‍ ഐക്യമുണ്ടാകാനിടയില്ലെന്നും ഇലക്ഷനുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ ഡ്രാഗിയുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഫൈവ് സ്റ്റാറിന് മേല്‍ സഖ്യകക്ഷികള്‍ വന്‍ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.ഇത് വിജയം കാണുന്നവരുമേറെയാണ്. ഇറ്റലിയിലെ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ഉടന്‍ കരകയറുമെന്ന് മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ എന്റിക്കോ ലെറ്റ പറഞ്ഞു.

ഇലക്ഷനെ ചൊല്ലി ആശങ്ക

നേരത്തെയുള്ള തിരഞ്ഞെടുപ്പ് ഇറ്റലിയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്ക വിദേശകാര്യ മന്ത്രി ലൂയിജി ഡി മായോ അടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. അടുത്ത ഏതാനും മാസങ്ങളില്‍ ഇവിടെ സര്‍ക്കാരില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പോസ്റ്റ്-പാന്‍ഡെമിക് റിക്കവറി ഫണ്ടില്‍ നിന്നുള്ള ബില്യണ്‍ കണക്കിന് യൂറോ ഇറ്റലിക്ക് നഷ്ടപ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇലക്ഷന്‍ നേരത്തേ വന്നാല്‍, ഡ്രാഗിക്ക് കെയര്‍ടേക്കര്‍ ശേഷിയില്‍ തുടരേണ്ടി വരും.2023ലേക്കുള്ള പുതിയ ബജറ്റ് തയ്യാറാക്കാനോ റിക്കവറി ഫണ്ടിനനുസൃതമായി ഇയു ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനോ കഴിയില്ല.

2023 പകുതിയോടെയാണ് ഇലക്ഷന്‍ നടക്കുന്നതെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനും മറ്റും ആവശ്യത്തിന് സമയം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.സാധാരണയായി ബജറ്റ് തയ്യാറാക്കുന്ന കാലഘട്ടമാണ് എന്നതിനാല്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇറ്റലിയില്‍ ശരത്കാലത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

അഭിപ്രായ വോട്ടെടുപ്പില്‍ പിന്നിലായതിനെ തുടര്‍ന്ന് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഫൈവ് സ്റ്റാര്‍ നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്നും വിമര്‍ശകര്‍ പറയുന്നു.

ഇലക്ഷന് സന്നദ്ധമായി പ്രതിപക്ഷം

ഡ്രാഗി രാജി നല്‍കിയ പശ്ചാത്തലത്തിലും ഇറ്റലിയിലെ ഫാര്‍ റൈറ്റ്ഗ്രൂപ്പായ ബ്രദേഴ്സ് ഓഫ് ഇറ്റലിയൊഴികെ മറ്റൊരു പാര്‍ട്ടിയും തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പിന്തുണ കുതിച്ചുയരുന്ന നിലയിലാണ്. അടുത്ത പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യതയും അവര്‍ക്കുണ്ട്..അതിനാലാണ് ഇലക്ഷന് ഇവര്‍ മുറവിളി കൂട്ടുന്നത്.

Comments are closed.