head 3
head2
head1

കാലം മാറി, കൃഷിയും മാറുന്നു; ഇറ്റാലിയന്‍ മണ്ണില്‍ ഇനി കാപ്പി കൃഷിയും, വാഴ കൃഷിയും

റോം: കാലാവസ്ഥയിലെ മാറ്റം ഇറ്റലിയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും, കനത്ത ചൂടും ജലക്ഷാമവും വന്‍തോതില്‍ വിള നശിക്കാന്‍ കാരണമാവുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നാം ഇതിനുമുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റത്തെ ഒരു അവസരമായി കണ്ടുകൊണ്ട് ഇറ്റാലിയന്‍ കാര്‍ഷിക മേഖലയില്‍ ഒരു വിപ്ലവം തന്നെ നടത്തുകയാണ് രാജ്യത്തെ ഒരു വിഭാഗം കര്‍ഷകര്‍. പരമ്പരാഗത വിളകളില്‍ നിന്നും മാറി ചിന്തിച്ചുകൊണ്ട് ചൂട് കാലാവസ്ഥയിലും വളരുന്ന വിദേശ വിളകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവര്‍.

ഇറ്റലിയിലെ റോഡുകളിലൂടെയുള്ള ഒരു യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സുകളിലേക്ക് വരുന്നത് ഇരുവശവും ഹെക്ടറുകളോളം നീണ്ടുകിടക്കുന്ന മുന്തിരിപ്പാടങ്ങളും , ഒലിവ് തോട്ടങ്ങളുമൊക്കെയാവും. എന്നാല്‍ ഇനിമുതല്‍ അങ്ങിനെയാവണമെന്നില്ല, പ്രധാനമായും വടക്കന്‍ ഇറ്റലിയില്‍ ഇപ്പോള്‍ത്തന്നെ ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. സിസിലിയ, പുലിയ, കാലബ്രിയ എന്നിവിടങ്ങളിലെ കര്‍ഷകരാണ് പാരമ്പര്യേതര-വിദേശ വിളകളിലേക്ക് മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.

വാഴ,മാങ്ങ, പപ്പായ, പാഷന്‍ ഫ്രൂട്ട്, ഫിങ്കര്‍ ലൈംസ്, പമേലോ, അവക്കാഡോ, ലിച്ചി, കൊക്കോ, കോഫീ തുടങ്ങിയ ഉഷ്ണമേഖലകള്‍ക്കും അനുയോജ്യമായ കൃഷികളിലേക്കാണ് പ്രധാനമായും ഇറ്റാലിയന്‍ കര്‍ഷകര്‍ ഇപ്പോള്‍ മാറി ചിന്തിക്കുന്നത്.

കാര്‍ഷിക സംഘടനയായ Coldiretti യുടെ കണക്കുകള്‍ പ്രകാരം നിലവില്‍ 1000 ഹെക്ടറോളം കൃഷിഭൂമിയില്‍ വിദേശ പഴങ്ങളുടെ ഉത്പാദനം നടക്കുന്നതായി കാണാം. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്രയധികം വര്‍ദ്ധനവുണ്ടായിട്ടുള്ളത്.

സ്വന്തം രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന വിദേശപഴങ്ങള്‍ ഇറ്റലിക്കാര്‍ക്ക് കഴിക്കാന്‍ കഴിയും എന്നതും, കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും പ്രയോഗമില്ലാത്ത പഴവര്‍ഗ്ഗങ്ങള്‍ ലഭിക്കും എന്നതുമാണ് ഇത്തരം കൃഷിരീതികള്‍ മൂലമുള്ള പ്രധാനം ഗുണം. ഇത്തരം പരീക്ഷണങ്ങളിലൂടെ ഇറ്റാലിയന്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റത്തിനൊരുങ്ങുന്ന കര്‍ഷകര്‍ ഇതിനായുള്ള ഫണ്ട് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പലേര്‍മോ സര്‍വകലാശാലയുടെ അഗ്രികള്‍ച്ചറല്‍, ഫുഡ് ആന്‍ഡ് ഫോറസ്ട്രി സയന്‍സസ് (സാഫ്) വകുപ്പ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പഠനങ്ങള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ കൈമാറിക്കഴിഞ്ഞു.

ഈ പുതിയ തോട്ടങ്ങള്‍ പ്രകൃതിയെ പരിവര്‍ത്തനം ചെയ്യുക മാത്രമല്ല, ഗ്രാമീണ മേഖലകളുടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ നവീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു വലിയ ഇറ്റാലിയന്‍ പപ്പായയുടെ വില ഏകദേശം 3 യൂറോയാണ്, ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വളരെ കുറവാണ് എന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പുതിയ ഇനം കൃഷികളിലേക്ക് തിരിയുന്നതിന് അല്‍പം വെല്ലുവിളികളും നേരിടേണ്ടി വരുന്നതായി പലേര്‍മോയ്ക്ക് സമീപത്തായി ട്രോപ്പിക്കല്‍ വിളകള്‍ കൃഷി ചെയ്തുപോരുന്ന Palazzolo ബ്രദേഴ്‌സ് അഭിപ്രായപ്പെടുന്നത്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന വിത്തുകള്‍ ഇറ്റാലിയന്‍ മണ്ണില്‍ വളരുമോ എന്നത് സംബന്ധിച്ച സംശയം പല കര്‍ഷകര്‍ക്കുമുള്ളതായി ഇവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഗ്രീന്‍ ഹൌസുകളില്‍ മുളപ്പിച്ച ശേഷമാണ് പലരും ഇതിനെ തോട്ടങ്ങളിലേക്ക് മാറ്റാറുള്ളത്. വിദേശത്ത് ഉത്പാദിപ്പിക്കുന്ന പഴങ്ങളേക്കാള്‍ തദ്ദേശീയമായി വിളയിക്കുന്ന വിദേശപഴങ്ങള്‍ക്കാണ് അവശ്യക്കാര്‍ ഏറെയെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

താപനില എല്ലാ സീമകളും ലംഘിച്ചുകൊണ്ട് മുന്നേറുമ്പോഴും, കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുമ്പോഴും ഇറ്റാലിയന്‍ കാര്‍ഷിക മേഖല ഇനിയും വലിയ വിപ്ലവങ്ങള്‍ക്ക് സാക്ഷിയായേക്കാം. കാലങ്ങള്‍ ഇതുപോലെ മുന്നോട്ട് പോവുമ്പോള്‍ തെക്കന്‍ ഇറ്റാലിയന്‍ മണ്ണില്‍ നാളെ ഒരു കാലത്ത് തെങ്ങിന്‍ തോപ്പുകള്‍ കാണേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല.സിസിലിയയുടെ തീരദേശങ്ങള്‍ ട്രോപ്പിക്കല്‍ വിളകള്‍ക്ക് ഏറെ അനുയോജ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ത്തുഗലിലേക്ക് കൊണ്ടുപോവാന്‍ സാമൂതിരിയോട് അനുവാദം ചോദിച്ച ഒരു കഥയുണ്ട്…കുരുമുളക് തൈകള്‍ ചോദിച്ച വിദേശിയര്‍ക്ക് സാമൂതിരി തൈകള്‍ നല്‍കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചന്‍ പറങ്കികള്‍ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോള്‍ സാമൂതിരി അവരോട് പറഞ്ഞത് ശ്രദ്ധേയമാണ്” അവര്‍ നമ്മുടെ കൂരുമുളക് തിരിയലുകളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ”എന്നായിരുന്നു.എന്നാല്‍ ഇപ്പോള്‍ കഥ മാറുന്നുവെന്നാണ് പുതിയ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. കാലാവസ്ഥ മാറുകയാണ്. ഇറ്റലിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കൊപ്പം, കടല്‍ കടന്ന് വരികയാണ് മലനാട്ടിലെ കൃഷികളും, വിളകളും……

Comments are closed.