head 3
head1
head2

ഉഷ്ണതരംഗം; ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്ന് വിദഗ്ധര്‍

ബ്രസല്‍സ് : കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉപോല്‍പ്പന്നമെന്ന് കരുതുന്ന ഉഷ്ണതരംഗത്തില്‍ യൂറോപ്പിലുടനീളം ആയിരങ്ങള്‍ മരിച്ചുവീഴുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. പല രാജ്യങ്ങളും അഭൂതപൂര്‍വമായ ഉഷ്ണതരംഗത്തിന് ഇരയാകുമെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. യുകെയില്‍ ആയിരക്കണക്കിന് മരണങ്ങളുണ്ടായേക്കാമെന്ന് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ എമറിറ്റസ് പ്രൊഫസര്‍ കെവിന്‍ മക്കണ്‍വേ പറഞ്ഞു.

2003ല്‍ യൂറോപ്പിലുണ്ടായ ഉഷ്ണ തരംഗത്തില്‍ 72,000 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിനു് സമാനമായതോ അതിനുമപ്പുറമുള്ള ദുരന്തമാകും ഉണ്ടാവുകയെന്നാണ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. അതിനാല്‍ കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ തികഞ്ഞ ജാഗ്രത പാലിയ്ക്കണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു.

പോര്‍ച്ചുഗലില്‍ ഇതിനകം തന്നെ നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു. യൂറോപ്പില്‍ വരും ദിവസങ്ങളില്‍ ഭൂഖണ്ഡത്തിലെ ഏറ്റവും തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങള്‍ കാണാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഇന്ന് അയര്‍ലണ്ടിലും റെക്കോര്‍ഡ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ വന്‍ നാശം വിതച്ചിരുന്നു. ഇവിടങ്ങളില്‍ താപനില റെക്കോര്‍ഡുകള്‍ പിന്നിട്ട് മുന്നേറുകയാണ്. രാത്രികളില്‍ പോലും ചൂട് കുറയില്ല. 26.2 ഡിഗ്രി സെല്‍ഷ്യസായിരിക്കും രാത്രി താപനിലയെന്ന് വിദഗ്ധര്‍ പറയുന്നു.

യുകെയില്‍ എക്സ്ട്രീം ഹീറ്റ് റെഡ് അലേര്‍ട്ട്

ലണ്ടന്‍, മാഞ്ചസ്റ്റര്‍, യോര്‍ക്ക് തുടങ്ങിയ ചില പ്രദേശങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുമെന്ന് കണ്ടതിനെ തുടര്‍ന്ന് യുകെ മെറ്റ് ഓഫീസ് എക്സ്ട്രീം ഹീറ്റ് റെഡ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കടുത്ത ചൂടിനെ നേരിടാന്‍ രാജ്യത്തിന് കഴിയില്ലെന്ന് കാലാവസ്ഥാ ഓഫീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പെന്നി എന്‍ഡേഴ്‌സ്ബി പറഞ്ഞു. ചൂടുണ്ടായാല്‍ വെള്ളത്തില്‍ മുങ്ങിക്കുളിക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ ചൂട് അത്തരത്തിലുള്ളതല്ല. ഇത് മനസ്സിലാക്കി മുന്‍കരുതലുകളെടുക്കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈവേകളും ട്രെയിന്‍ ട്രാക്കുകളും ഉരുകാന്‍ സാധ്യതയുള്ളതിനാല്‍ ചൂടില്‍ യാത്ര ചെയ്യരുതെന്നും ഇദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Comments are closed.