head1
head2
head 3

ഇറ്റലിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

റോം: പഠനത്തിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ പരിഗണിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നാണ് ഇറ്റലി. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്നതും, രാജ്യത്തെ മികച്ച ജീവിത നിലവാരവും വിദേശ വിദ്യാര്‍ഥികളെ കൂടുതലായി ഇറ്റലിയിലേക്ക് ആകര്‍ഷിക്കുന്നു.

പുരാതന കാലം മുതല്‍ തന്നെ വിദേശികള്‍ പഠനത്തിനായി ഇറ്റാലിയന്‍ നഗരങ്ങള്‍ തേടിയെത്തിയിരുന്നതായാണ് ചരിത്ര രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലയായ Bologna സര്‍വ്വകലാശാല 1088 മുതല്‍ തന്നെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തിരുന്നു.

നിലവില്‍ ഇറ്റലിയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പഠിക്കാവുന്ന അഞ്ഞൂറോളം സ്റ്റഡി പ്രോഗ്രാമുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. University of Rome Tor Vergata യില്‍ മാത്രം ഒരു ഡസനോളം വിദേശ ബിരുദ കോഴ്‌സുകളും നടത്തുന്നുണ്ട്. 1982 ല്‍ സ്ഥാപിതമായ Tor Vergata സ്റ്റുഡന്റ് സാറ്റിസ്ഫാക്ഷനിലും, എംപ്ലോയ്‌മെന്റ് റേറ്റിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇറ്റാലിയന്‍ സര്‍വ്വകലാശാലകളിലൊന്നാണ്. കൂടാതെ മിലാനിലെ SDA Bacconi ഉള്‍പ്പെടെ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളും ഇറ്റലിയിലാണ്.

ജീവിത ചിലവുകള്‍/ പഠന ചിലവുകള്‍

ഒരു വിദേശ വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇറ്റലി. വിസ ചാര്‍ജ്ജുകളും താരതമ്യേന ഇറ്റലിയില്‍ കുറവുമാണ്. ഇറ്റലിയില്‍ ജീവിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഭക്ഷണം, യാത്ര, മറ്റു വിനോദങ്ങള്‍ ഉള്‍പ്പെടെ ഒരു മാസം ശരാശരി 300 യൂറോ മുതല്‍ 700 യൂറോ വരെ ചിലവ് വരാം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റോം, മിലാന്‍ പോലെയുള്ള വന്‍ നഗരങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ താമസത്തിനടക്കം വലിയ തുക നല്‍കേണ്ടതായി വരും. മറ്റു വിദ്യാര്‍ഥികളുമായി റൂമുകള്‍ പങ്കിട്ടുകൊണ്ട് ഈ ചിലവുകള്‍ കുറയ്ക്കാനും കഴിയും. എങ്കനെയാണെങ്കുിലും ശരാശരി 150 യൂറോ മുതല്‍ 200 യൂറോ വരെ ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിയും പ്രതിമാസം താമസ ചിലവുകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വരും.

പൊതുഗതാഗത സംവിധാനം കാര്യക്ഷമമായതുകൊണ്ട് തന്നെ യാത്രാ ചിലവുകള്‍ ഏറെ കുറഞ്ഞ രാജ്യമാണ് ഇറ്റലി. ബസ്, ട്രാം, മെട്രോ എന്നിവയിലായുള്ള യാത്രകള്‍ക്ക് പ്രതിമാസം 25 യൂറോ മുതല്‍ 45 യൂറോ വരെ ഓരോ വിദ്യര്‍ഥികള്‍ക്കും ചിലവ് വന്നേക്കാം. യൂണിവേഴ്‌സിറ്റി ഐ.ഡി കാര്‍ഡുകള്‍ കാണിക്കുകയാണെങ്കില്‍ യാത്രാ ചിലവുകളില്‍ ഇളവുകളും ലഭ്യമാവും.

പഠന ചിലവുകള്‍ സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു പരിധിവരെ ഇറ്റലിയിലെ സ്‌കോളര്‍ഷിപ്പ് സ്‌കീമുകളും സഹായകമാണ്. Bologna, Padua അടക്കമുള്ള സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകമാവുന്ന വിവിധ സ്‌കോളര്‍ഷിപ്പ് സ്‌കീമുകളാണ് നിലവിലുള്ളത്. കൂടാതെ വിദ്യാര്‍ഥിയുടെ സാമ്പത്തിക നില അനുസരിച്ച് ട്യൂഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ചില വ്യവസ്ഥകളും, വിദേശ വിദ്യാര്‍ഥികള്‍ക്ക് സഹായകമാവുന്ന മറ്റ് അനവധി സ്‌കോളര്‍ഷിപ്പ് സ്‌കീമുകളും ഇറ്റലിയില്‍ ലഭ്യമാണ്.

എങ്ങനെ നേടാം ഇറ്റാലിയന്‍ സ്റ്റുഡന്റ് വിസ

ഇറ്റാലിയന്‍ സ്റ്റുഡന്റ് വിസ ലഭിക്കുന്നതിന്റെ അദ്യപടിയായി ഏതെങ്കിലും ഇറ്റാലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചിരിക്കണം. 90 ദിവസത്തില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള കോഴ്‌സിനാണ് അഡ്മിഷന്‍ ലഭിച്ചതെങ്കില്‍ ഇറ്റലിയുടെ ഹൃസ്വകാല വിസയ്ക്കാണ്(ടൈപ്പ് സി) അപേക്ഷിക്കേണ്ടത്. 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതും, ആഴ്ചയില്‍ ചുരുങ്ങിയത് 20 മണിക്കൂറെങ്കിലും ക്ലാസുകള്‍ നടക്കുന്നതുമായ കോഴ്‌സുകളാണെങ്കില്‍ ഇറ്റലിയുടെ ദീര്‍ഘകാല വിസയ്ക്കായാണ്(ടൈപ്പ്-ഡി) അപേക്ഷിക്കേണ്ടത്.

ടൈപ്പ്-ഡി വിസയില്‍ ഇറ്റലിയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഇറ്റലിയുടെ റെസിഡന്‍സ് പെര്‍മിറ്റിനായും അപേക്ഷിക്കേണം. വിസ നേടാനായി ഷെങ്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്.

ഇറ്റലിയില്‍ സ്റ്റുഡന്റ് വിസ നേടാന്‍ ഏതെങ്കിലും ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമല്ല, എന്നാല്‍ ഇറ്റാലിയിലന്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടാന്‍ IELTS, TOEFL, PTE എന്നിവയില്‍ ഏതെങ്കിലും പാസ് ആവേണ്ടതായി വരും.

Comments are closed.