head1
head 3
head2

റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി നിരോധനം; തീരുമാനം സങ്കീര്‍ണ്ണം, നടപ്പാക്കുന്നതിന് സമയമെടുത്തേക്കും

ബ്രസല്‍സ് : കല്‍ക്കരിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതുപോലെ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതിയും നിരോധിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ഉപരോധത്തിന്റെ ആറാമത്തെ പായ്ക്കേജ് നടപ്പാക്കുന്നതിന് കൂടുതല്‍ സമയമെടുത്തേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കണമെന്നാണ് ഇയു കമ്മീഷന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

റഷ്യന്‍ ഓയില്‍ നിരോധനത്തിനുള്ള പദ്ധതി രൂപരേഖ കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും അതുണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകളെ അംഗരാജ്യങ്ങള്‍ക്ക് എത്രകണ്ട് കൈകാര്യം ചെയ്യാനാകുമെന്നത് പ്രശ്നമാണ്. അതിനാല്‍ ഇപ്പോഴത്തെ ഉപരോധം പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

എന്നാല്‍ അംഗ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ സമവായമുണ്ടാകുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹംഗറിയും സ്ലൊവാക്യയും എണ്ണ ഉപരോധത്തില്‍ പങ്കെടുക്കില്ലെന്ന് ഇതിനകം പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് എന്തെങ്കിലും ഇളവുകള്‍ നല്‍കുമോയെന്ന് ഇയു കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.

ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് ഇയു ഏകകണ്ഠമായി അംഗീകരിക്കേണ്ടതുണ്ട്. അതുണ്ടാകുമോയെന്നത് ഇക്കാരണം കൊണ്ടു തന്നെ സംശയമാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തുടക്കമിട്ടിട്ടുണ്ട്. എന്നിരുന്നാലും വൈദ്യുതി ഉല്‍പ്പാദനത്തിനും ഹോം ഹീറ്റിംഗിനും വന്‍തോതില്‍ ഇന്ധനം ഉപയോഗിക്കുന്ന അംഗരാജ്യങ്ങളുമായി ധാരണയിലെത്തുന്നത് ശ്രമകരമാകും.

റഷ്യക്കെതിരായ ഉപരോധത്തിന്റെ ആറാമത്തെ പാക്കേജില്‍ ഓയില്‍ ഇറക്കുമതി നിരോധിക്കുന്നതുള്‍പ്പടെ വേറെയും കടുത്ത നടപടികള്‍ ഇയു പരിഗണിക്കുന്നുണ്ട്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബെര്‍ ബാങ്കടക്കം മൂന്ന് പ്രധാന ബാങ്കുകളെ സ്വിഫ്ട് അന്താരാഷ്ട്ര ബാങ്കിംഗ് പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്ന് പുറത്താക്കുന്നതിനും തീരുമാനമുണ്ട്.

ആറ് മാസത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഈ വര്‍ഷാന്ത്യത്തോടെ റീഫൈന്‍ഡ് ഉല്‍പ്പന്നങ്ങളും നിര്‍ത്തണമെന്നാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്.

റഷ്യന്‍ ഓയില്‍ ഇറക്കുമതി നിരോധനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് പരിസ്ഥിതി മന്ത്രി എയ്മോണ്‍ റയാന്‍ വ്യക്തമാക്കി. ഉപരോധം അയര്‍ലണ്ടിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഉപരോധം പ്രാബല്യത്തില്‍ വരുമ്പോള്‍ അയര്‍ലണ്ടിലേക്കുള്ള ഇന്ധന വിതരണത്തില്‍ തടസ്സമുണ്ടാക്കില്ലെന്ന് ഇന്ധന ഇറക്കുമതിക്കാരുടെയും വിതരണക്കാരുടെയും സംഘടന ഫ്യുവല്‍സ് ഫോര്‍ അയര്‍ലണ്ടും വ്യക്തമാക്കി.

Comments are closed.