head2
head 3
head1

യൂറോവിഷന്‍ കോണ്ടസ്റ്റില്‍ നിന്നും റഷ്യയെ വിലക്കി സംഘാടകര്‍

റഷ്യക്കെതിരായ യൂറോപ്യന്‍ ഉപരോധം കലാംരഗത്തേക്കും. ഇത്തവണത്തെ യൂറോപ്യന്‍ സോങ് കോണ്ടസ്റ്റായ യൂറോവിഷനില്‍ നിന്നും റഷ്യന്‍ മത്സരാര്‍ഥികളെ വിലക്കുന്നതായി യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്‍ അറിയിച്ചു. റഷ്യയുടെ പങ്കാളിത്തം പരിപാടിയെ അപകീര്‍ത്തിപ്പെടുത്തും എന്നാണ് സംഘാടകരായ EBU കഴിഞ്ഞ ദിവസം അറിയിച്ചത്.

ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്നുള്ള മത്സരാര്‍ഥിയെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്തുമെന്നായിരുന്നു യൂറോവിഷന്‍ സംഘാടകരുടെ നിലപാട്. എന്നാല്‍ മറ്റു ബ്രോഡ്കാസ്റ്റര്‍മാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റഷ്യന്‍ മത്സരാര്‍ഥികളെ വിലക്കുന്ന തീരുമാനത്തിലേക്ക് EBU എത്തുകയായിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അക്രമം നടത്തുന്ന റഷ്യയുടെ പങ്കാളിത്തം പരിപാടിയുടെ ആശയത്തെ തന്നെ തകര്‍ക്കുകയാണെന്ന് ഉക്രൈന്‍ ബ്രോഡ്കാസ്റ്റര്‍ Suspilne ന്റെ ചെയര്‍മാന്‍ Mykola Chernotytsky യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന് അയച്ച തുറന്ന കത്തില്‍ പറയുന്നു.

റഷ്യ മത്സരിക്കുകയാണെങ്കില്‍ ഫിന്‍ലാന്റില്‍ നിന്നും മത്സരാര്‍ഥികളെ അയക്കില്ല എന്ന നിലപാട് ഫിന്‍ലാന്റ് ബ്രോഡ്കാസ്റ്റര്‍മാരായ Yle സംഘാടകരെ അറിയിച്ചിരുന്നു. കൂടാതെ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്റ്‌സ്, ലിത്വാനിയ, നോര്‍വേ എന്നീ രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റര്‍മാരും EBU വിനെ എതിര്‍പ്പറിയിച്ചിരുന്നു. എതിര്‍പ്പ് ശക്തമായതോടെയാണ് റഷ്യന്‍ മത്സരാര്‍ഥിയെ വിലക്കാനുള്ള തീരുമാനത്തിലേക്ക് EBU എത്തിയത്.

യൂറോവിഷന്റെ 66ാമത് പതിപ്പാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ഇറ്റലിയിലെ ടുറിനാണ് ഇത്തവണത്തെ യൂറോവിഷന്‍ വേദി. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍നിന്നുള്ള റോക്ക് ബാന്റ് Måneskin ആയിരുന്നു മത്സരത്തിലെ ജേതാക്കള്‍. ദിമ ബിലാനിലൂടെ 2008 ലായിരുന്നു റഷ്യ അവസാനമായി യൂറോവിഷന്‍ ജേതാക്കളായത്. 2016 യൂറോവിഷനില്‍ റഷ്യന്‍ മത്സരാര്‍ഥികള്‍ ജയത്തോടടുത്തെങ്കിലും ഉക്രൈനില്‍ നിന്നുള്ള Jamala കിരീടം നേടുകയായിരുന്നു. ഇത്തവണ ഉക്രൈനെ പ്രതിനിധീകരിച്ച് Kalush Orchestra ആണ് പങ്കെടുക്കുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.