head2
head1
head 3

യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം ആയുര്‍ദൈര്‍ഘ്യം കുറയുന്നുവെന്ന് യൂറോസ്റ്റാറ്റ് പഠനം

ബ്രസല്‍സ് : യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നില്ലെന്ന് യൂറോസ്റ്റാറ്റ് പഠനം. ഭൂരിപക്ഷം രാജ്യങ്ങളിലും ആയുസ്സ് കാര്യമായ പുരോഗതിയില്ലാതെ നില്‍ക്കുമ്പോള്‍ ചില രാജ്യങ്ങളില്‍ ആയുസ്സില്‍ നേരിയ കുറവും കാണിക്കുന്നതായി പഠനം പറയുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആയൂര്‍ദൈര്‍ഘ്യം കുറയുന്നത്.

സ്ലൊവാക്യയിലും ബള്‍ഗേറിയയിലും 2020നെ അപേക്ഷിച്ച് ആയുര്‍ ദൈര്‍ഘ്യം 2.2 വര്‍ഷമായും ലാത്വിയയിലും എസ്തോണിയയിലും 2.1 വര്‍ഷമായും കുറഞ്ഞു. റോമാനിയയിലെ ആയുര്‍ദൈര്‍ഘ്യം 1.3 വര്‍ഷം കുറഞ്ഞു.

ബാള്‍ട്ടിക് രാജ്യങ്ങളിലും ആയുസ്സ് കുറഞ്ഞു

ബാള്‍ട്ടിക് രാജ്യങ്ങളിലും ആളുകളുടെ ആയുസ്സില്‍ ഗണ്യമായി കുറവുണ്ടായി. ലിത്വാനിയക്കാരുടെ ആയുര്‍ദൈര്‍ഘ്യം 0.6 വര്‍ഷമായാണ് കുറഞ്ഞത്. ഗ്രീസ്, ക്രൊയേഷ്യ, സൈപ്രസ് എന്നിവിടങ്ങളിലും യഥാക്രമം 1.1, ഒന്ന്, 0.6 വര്‍ഷം എന്നിങ്ങനെയും കുറഞ്ഞു.

മധ്യ യൂറോപ്പിലും ആയുസ്സ് കുറയുന്നു

മധ്യ യൂറോപ്പിലും ആയുര്‍ദൈര്‍ഘ്യത്തില്‍ ചെറിയ കുറവുണ്ടായി. പോളണ്ടിലെയും ആയുര്‍ദൈര്‍ഘ്യം 0.9 വര്‍ഷമായി കുറഞ്ഞു. ഡെന്‍മാര്‍ക്കിലും ജര്‍മ്മനിയിലും 0.2 വര്‍ഷത്തെ ഇടിവാണുണ്ടായത്. നോര്‍വേയിലെ ആയുര്‍ദൈര്‍ഘ്യം 0.1 വര്‍ഷവും കുറഞ്ഞു.

ആയുസ്സ് കൂടുതലുള്ളത് ലിച്ചെന്‍സ്റ്റീനില്‍; മാള്‍ട്ടയിലും കൂടി

ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് ലിച്ചെന്‍സ്റ്റീനിലാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ 2.6 വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവാണ് ഇവിടെയുണ്ടായത്.

ലക്സംബര്‍ഗ്, ഇറ്റലി, മാള്‍ട്ട തുടങ്ങിയ മറ്റ് രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം (0.6 വര്‍ഷം) വര്‍ദ്ധിച്ചു. സ്പെയിനിലെയും സ്വിറ്റ്സര്‍ലണ്ടിലെയും ജനങ്ങളുടെ ആയുസ്സ് 0.9 വര്‍ഷം കൂടി. ബെല്‍ജിയത്തിലും (1.1) ഐസ്ലാന്‍ഡിലും(0.1) ആയുസ്സ് വര്‍ധിച്ചു.

ഓസ്ട്രിയ, ഫിന്‍സ് എന്നിവിടങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം മാറ്റമില്ലാതെ തുടരുമ്പോള്‍ ഡച്ച്, പോര്‍ച്ചുഗീസ് പൗരന്മാരുടെ ആയുസ്സില്‍ (0.1) നേരിയ വര്‍ധനയുണ്ടായി. ഫ്രാന്‍സിലും ആയുര്‍ദൈര്‍ഘ്യം 0.2 വര്‍ഷം വര്‍ദ്ധിച്ചു. സ്ലൊവേനിയയില്‍ ആളുകളുടെ ആയുസ്സ് 0.3 വര്‍ഷം കൂടി.

Comments are closed.