head1
head2
head 3

ഡബ്ലിനില്‍ നാളെ യൂറോപ്യന്‍ യുവജന സംഗമത്തിന് തിരിതെളിയും

ഡബ്ലിന്‍ : സീറോ മലബാര്‍ യൂത്ത് മൂവമെന്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യന്‍ യുവജന സംഗമത്തിന് തുടക്കമാകുന്നു. ‘ഗ്രാന്റ് എവേക്ക് 2022’, ഓള്‍ അയര്‍ലണ്ട് യുവജന സംഗമം ‘എവേക്ക് അയര്‍ലണ്ട്’ എന്നിവ നാളെ ജൂലൈ 6 ബുധനാഴ്ച ഉത്ഘാടനം ചെയ്യും. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ (UCD) ന്യൂമാന്‍ ബില്‍ഡിങ്ങില്‍ യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സംഗമം ഉത്ഘാടനം ചെയ്യും.

സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, യൂറോപ്പ് സീറോ മലബാര്‍ യൂത്ത് അപ്പസ്‌തോലിക് ഡയറക്ടര്‍ റവ. ഡോ. ബിനോജ് മുളവരിക്കല്‍, എസ്.എം. വൈ.എം അയര്‍ലണ്ട് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജയിന്‍ മാത്യു മണ്ണത്തൂകാരന്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കന്‍ ഗായകന്‍ ജോ മെലെന്‍ഡ്രെസ്, ഫാ. രാജീവ് ഫിലിപ്പ് (യു.എസ്.എ.), ജെസ്റ്റിന്‍ അരീക്കല്‍ (ജര്‍മനി) എന്നിവര്‍ ആദ്യദിനം ക്ലാസുകള്‍ നയിക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സും, ഡബ്ലിന്‍ സോണന്‍ ചാപ്ലിന്‍മാരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കും.

ബുധനാഴ്ച് ഉച്ചകഴിഞ്ഞ് 2:30 മുതല്‍ എം.ടി.വി യിലൂടേയും വിവിധ സംഗീത ആല്‍ബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കന്‍ ഗായകന്‍ ജോ മെലെന്‍ഡ്രെസിന്റേയും ടീമിന്റേയും സംഗീത പരിപാടി നടക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരില്‍ ഒരാളായ ജോ മെലെന്‍ഡ്രെസ് റോക്ക് സിംഗറും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, റിട്രീറ്റ് ലീഡറുമാണ്.

പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ പറ്റുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ സംഗീത പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന യൂറോപ്യന്‍ യുവജന സംഗമത്തില്‍ (‘ഗ്രാന്റ് എവേക്ക് 2022’) യൂറോപ്പിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

പ്രചോദനാത്മകമായ സംഭാഷണങ്ങള്‍, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാമ്പുകള്‍, ആത്മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകള്‍ എന്നിവയാണ് ഗ്രാന്റ് എവേക്ക് 2022 ന്റെ പ്രത്യേകത.

ആത്മീയതയിലും, കൂട്ടായ്മയിലുമുള്ള യുവത്വത്തിന്റെ ഉണര്‍വ്വാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. 2017 ല്‍ റോമില്‍ ആദ്യ ‘ഗ്രാന്‍ഡ് എവേക്ക്’ നടന്നു. പിന്നീട് 2018 ല്‍ സ്വിറ്റ്സര്‍ലന്‍ഡിലും. 2019 ല്‍ അയര്‍ലണ്ടില്‍ നടക്കാനിരുന്ന ഗ്രാന്റ് എവേക്ക് കോവിഡ് പ്രതിസന്ധിയില്‍ മാറ്റിവയക്കപ്പെടുകയായിരുന്നു. കോവിഡ് മഹാമാരിക്കാലഘട്ടത്തില്‍ വെര്‍ച്ച്വല്‍ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്.എം.വൈ.എം യൂറോപ്പ് ഗ്രാന്റ് എവേക്ക് 2022ല്‍ അയര്‍ലണ്ടില്‍ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്മബോധം എസ്.എം.വൈ.എം എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ സഹായിക്കുന്നു.

യുവ നേതാക്കള്‍ക്ക് അവരുടെ ശുശ്രൂഷയില്‍ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നല്‍കിക്കൊണ്ട് ഗ്രാന്‍ഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിലൂടെ അവര്‍ക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.

ജൂലൈ 6നു അയര്‍ലണ്ടിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ‘എവേക്ക് അയര്‍ലണ്ട്’ ഈ വേദിയില്‍ വച്ച് നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും സീറോ മലബാര്‍ യുവജനങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിനില്‍ യൂറോപ്യന്‍ യുവജനങ്ങളോടൊപ്പം ഒത്തുചേരും.

എവേക്ക് അയര്‍ലണ്ടിനുള്ള രജിസ്‌ട്രേഷന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (പി.എം. എസ്) വഴി തുടരുന്നു. ക്രിസ്തുവില്‍ ആഴപ്പെടുന്നതോടൊപ്പം സീറോ മലബാര്‍ സഭയേയും അതിന്റെ അപ്പസ്തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോ മലബാര്‍ സഭയുടെ ദൗത്യത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീര്‍ത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ പത്തിനു ഗ്രാന്റ് എവേക്ക് സമാപിക്കും.

Comments are closed.