head2
head1
head 3

യൂറോപ്പ് യുദ്ധമുഖത്ത്: റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനൊരുങ്ങുന്നു

ബ്രസല്‍സ് : അയര്‍ലണ്ട് തീരത്തെ മിസൈല്‍ പരീക്ഷണത്തിന്റെയും ഉക്രെയ്നിനെതിരായ സൈനിക നീക്കവും ഈ മേഖലയെയാകെ സംഘര്‍ഷഭരിതമാക്കുന്നു. അതേസമയം, ഈ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും നീക്കം തുടങ്ങി.

ബ്രസല്‍സില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഉക്രെയ്നിന് 1.2 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജും പ്രഖ്യാപിച്ചു. സഹായത്തെ സ്വാഗതം ചെയ്ത ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനോട് നന്ദിയും അറിയിച്ചു. ശക്തമായ ഉക്രെയ്ന്‍ യൂറോപ്യന്‍ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും സെലെന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.

അതൃപ്തി അറിയിച്ച് അയര്‍ലണ്ട്

അയര്‍ലണ്ടിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തെ സൈനികാഭ്യാസങ്ങള്‍ക്കെതിരായ അതൃപ്തി റഷ്യന്‍ അംബാസഡറോട് വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. സൈനികാഭ്യാസം നടത്തുന്നത് അന്താരാഷ്ട്ര സമുദ്ര മേഖലയിലാണെങ്കിലും അത് അയര്‍ലണ്ടിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമാണെന്നും കോവനേ ചൂണ്ടിക്കാട്ടി.

എംബസി ജീവനക്കാരെ പിന്‍വലിച്ച് യുഎസും യുകെയും

ഏത് നിമിഷവും റഷ്യ ഉക്രെയ്നിനെ ആക്രമിച്ചേക്കാമെന്ന സ്ഥിതിയാണിപ്പോള്‍. ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രെയ്നിന്റെ അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ആക്രമണ സാധ്യത കണക്കിലെടുത്ത് യു.എസും യുകെയുമടക്കമുള്ള രാജ്യങ്ങള്‍ കൈവില്‍ നിന്ന് എംബസി ജീവനക്കാരെ പിന്‍വലിച്ചു. റഷ്യന്‍ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും നയതന്ത്രജ്ഞരെ പിന്‍വലിക്കുകയാണെന്നും യു.എസ് അറിയിച്ചു. ജീവനക്കാരെയും ആശ്രിതരെയും പിന്‍വലിക്കുകയാണെന്ന് ബ്രിട്ടനും വ്യക്തമാക്കി.

സൈന്യത്തെ വിന്യസിച്ച് നാറ്റോയും

ഈ മേഖലയില്‍ പിരിമുറുക്കത്തിന് ആക്കം കൂട്ടിക്കൊണ്ട് നാറ്റോയും സൈനിക നീക്കം നടത്തി. കിഴക്കന്‍ യൂറോപ്പിലേക്ക് സൈനിക വിമാനങ്ങളും കപ്പലുകളും അയച്ചിരിക്കുകയാണ് നാറ്റോ. ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിനെ സംരക്ഷിക്കുന്നതിനാണ് സേനയെ വിന്യസിക്കുന്നതെന്ന് നാറ്റോ വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പിലെ സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് നാറ്റോ അറിയിച്ചു. അതിനിടെ ഈ മേഖലയില്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ റഷ്യ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രംഗത്തുവന്നു.

പുതിയ ചെച്നിയയുണ്ടാകുമെന്ന് ബ്രിട്ടന്‍

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുന്നറിയിപ്പ് നല്‍കി. ഈ മേഖലയിലെ സംഘര്‍ഷം പുതിയ ചെച്നിയ ആയി മാറുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിനാശകരമായ നടപടിയായിരിക്കുമിതെന്നും ജോണ്‍സണ്‍ പറഞ്ഞു. മറ്റ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

Comments are closed.