head2
head1
head 3

ഇന്ത്യന്‍ ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്പിലെമ്പാടും പ്രിയമേറുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വളരുകയാണ്; യൂറോപ്പിനോളം… ഇന്ത്യന്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ ലോകത്തെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഇയു കയറ്റുമതി 356 മില്യണ്‍ യൂറോയുടേതാണെന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെബിനാറില്‍ വെളിപ്പെടുത്തപ്പെട്ടു. ലോകമെമ്പാടുമുള്ള ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഏകദേശം 34% വരും ഇതെന്നാണ് കണക്കാക്കുന്നത്.

സോയ മീല്‍ ഉള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കാണ് (57%) ഇതില്‍ മേല്‍ക്കൈ. എണ്ണക്കുരുക്കള്‍ (9%), ധാന്യങ്ങളും തിനകളും (7%), തേയിലയും കാപ്പിയും (6%), സുഗന്ധവ്യഞ്ജനങ്ങളും പലവ്യഞ്ജനങ്ങളും (5%), ഔഷധ സസ്യങ്ങള്‍ (5%), ഉണങ്ങിയ പഴങ്ങള്‍ (5%), 3%), പഞ്ചസാര (3%) എന്നിങ്ങനെയാണ് മറ്റുള്ളവ.

ഇന്ത്യയില്‍ നിന്നുള്ള ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ യു എസ് എ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ബ്രിട്ടന്‍, കൊറിയന്‍ റിപ്പബ്ലിക്, ഇസ്രായേല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇക്വഡോര്‍, വിയറ്റ്നാം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് എപിഇഡിഎ ചെയര്‍മാന്‍ ഡോ. എം. അംഗമുത്തു പറഞ്ഞു. ഇയുവിലെ ജൈവ ഭക്ഷ്യ മേളകളില്‍ പങ്കെടുക്കുന്നതിലൂടെ പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണിയിലേയ്ക്ക് നുഴഞ്ഞു കയറാനാകുന്നുണ്ട്. ബ്രാന്‍ഡ് നിര്‍മ്മാണത്തിനും സാധ്യമായ മാര്‍ഗങ്ങള്‍ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇയുവിലേയ്ക്കുള്ള ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ മാറിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) ബ്രസല്‍സ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടായിരുന്നു വെബിനാര്‍ നടത്തിയത്. 2022 ജനുവരി 1 മുതല്‍ നടപ്പാക്കിവരുന്ന പുതുക്കിയ ചട്ടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വെബിനാര്‍.

കയറ്റുമതിയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യന്‍ ഓര്‍ഗാനിക് ഉല്‍പ്പന്ന വിഹിതം വര്‍ധിപ്പിക്കുന്നതിനുമായി ഓര്‍ഗാനിക് ഡെന്മാര്‍ക്ക്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രി, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്‌മെന്റ്, ഓര്‍ഗാനിക് പ്രോസസിംഗ് ആന്‍ഡ് ട്രേഡ് അസോസിയേഷന്‍ (ഓപ്ട) എന്നിവയിലെ അംഗങ്ങളുമായി പാനല്‍ ചര്‍ച്ചയും വെബിനാറില്‍ നടന്നു.

ബെല്‍ജിയം, ലക്സംബര്‍ഗ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍ സന്തോഷ് ഝാ, ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ അംബാസഡര്‍ പൂജ കപൂര്‍, യൂറോപ്യന്‍ യൂണിയനിലെ ട്രേഡ് അസോസിയേഷനുകള്‍, വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, സര്‍ട്ടിഫിക്കേഷന്‍ ബോഡികള്‍, അസെസര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും വെബിനാറില്‍ പങ്കെടുത്തു.

Comments are closed.